എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. രാജ്യത്തിന്റെ ആരോഗ്യ ഭൂപടത്തിൽ മലബാർ കാൻസർ സെന്റർ കൈമുദ്ര പതിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ അപൂർവമായിട്ടാണ് സർക്കാർ സംവിധാനത്തിൽ കാർ ടി സെൽ ചികിത്സ ലഭ്യമാക്കുന്നത്. കാർ ടി സെൽ തെറാപ്പിയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് രാജ്യത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാ കേന്ദ്രമായി മലബാർ കാൻസർ സെന്റർ മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായി.
സ്പീക്കറുടെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.75 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ട് 16 ലക്ഷം രൂപയും ഉപയോഗിച്ചാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ട് അസിസ്റ്റന്റ് സർജൻമാർ, രണ്ട് നഴ്സിങ് ഓഫീസർമാർ, രണ്ട് നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 20 ജീവനക്കാരുണ്ട്. ജനറൽ ഒപി, ലാബ് സൗകര്യം, ശ്വാസ് ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്, രോഗപ്രതിരോധ കുത്തിവെപ്പ്, മരുന്ന് വിതരണം, ഗർഭിണികൾക്കുള്ള സേവനങ്ങൾ, പാപ്സ്മിയർ ക്ലിനിക്, ആരോഗ്യ പ്രതിരോധ പ്രവർത്തനം, എൻ ഡി ഡി ക്ലിനിക് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമൃതകല റിപ്പോർട്ട് അവതരിപ്പിച്ചു.
