ഇരിട്ടി നഗരസഭ വികസന സദസ്സ് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് വികസന സദസ്സുകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത അധ്യക്ഷയായി. റിസോഴ്‌സ് പേഴ്‌സൺ ടി.വി സുഭാഷ് സംസ്ഥാനതല വികസന റിപ്പോർടും നഗരസഭ സെക്രട്ടറി കെ അൻഷിദ് നഗരസഭാ വികസന റിപ്പോർടും അവതരിപ്പിച്ചു. നഗരസഭയുടെ പ്രോഗ്രസ് റിപ്പോർട്ട്, ജനകീയ വികസന പത്രിക എന്നിവയുടെ പ്രകാശനവും നഗരസഭ നടപ്പാക്കിയ ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ലോഞ്ചിംഗും സ്പീക്കർ നിർവഹിച്ചു. വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വീഡിയോ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു.

ഹരിതകർമ സേന, സംസ്ഥാന അവാർഡ് നേടിയ കൂൺകൃഷി സംരംഭകൻ രാഹുൽ ഗോവിന്ദൻ എന്നിവരെ ആദരിച്ചു. സദസിൽ പങ്കെടുക്കാനെത്തിയവർക്ക് കെ സ്മാർട്ട് ക്ലിനിക്ക് സേവനം ഒരുക്കിയിരുന്നു. നഗരസഭയിൽ നടത്തിയ വികസന നേട്ടങ്ങളുടെ ചിത്രപ്രദർശനം, ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി വിവിധ മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദർശനം എന്നിവയും നടത്തി.

വികസന സദസ്സിന്റെ ഭാഗമായി നടന്ന ചർച്ചയിൽ നഗരസഭ റോഡിന്റെ വശങ്ങളിൽ ഓട നിർമിക്കുക, നഗരസഭയുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കുക, നഗരസഭയുടെ വിവിധ പദ്ധതികൾക്കായി സ്വന്തം സ്ഥലം കണ്ടെത്തുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു.

നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ, വികസന സമിതി സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, ടി.കെ ഫസീല, കെ സുരേഷ്, കൗൺസിലർ യു.കെ ഫാത്തിമ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ അശോകൻ മാസ്റ്റർ, സൂപ്രണ്ട് പി.വി നിഷ എന്നിവർ പങ്കെടുത്തു.