സഹായകേന്ദ്രം ഡിസംബറില്‍ ആരംഭിക്കും
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ഉറപ്പാക്കാനും വീട് നഷ്ട്ടപ്പെട്ട കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സുരക്ഷിത കൂടൊരുക്കും കേരളം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രളയത്തില്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റവന്യൂ വകുപ്പ് ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക ലക്ഷ്യമിട്ട്് വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നു.
ഇതിനായി സുരക്ഷിത കൂടൊരുക്കും കേരളം എന്ന പേരില്‍ ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് സഹായകേന്ദ്രം സജ്ജമാക്കും. വീട് നിര്‍മാണത്തിന് ഗുണഭോക്താവിന് നിര്‍ദേശം നല്‍കുക, സംശയങ്ങള്‍ ദുരീകരിക്കുക, ആവശ്യമായ സാമഗ്രികള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാര്‍ അംഗീകരിക്കുന്ന തുകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ വിവരങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
സ്വന്തമായി ഭൂമിയുള്ളവര്‍, വീടു പണി സ്വയം ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധതയുള്ളവര്‍, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടപ്പാക്കേണ്ടവ എന്നിങ്ങനെ തരം തിരിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറില്‍ ഉള്‍പ്പെടുത്തിയത്. പട്ടികജാതി പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വിധവകള്‍, മുന്‍ഗണന കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗം ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീട് നിര്‍മിച്ച് നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ള ഭവന രൂപകല്‍പ്പനകളാണ് പ്രകൃതി ദുരന്ത പുരധിവാസ ഭവന നിര്‍മാണത്തിനും നടപ്പിലാക്കുന്നത്. 400 ചതുരശ്രയടി വിസ്തൃതിയും ഒരു ഹാള്‍ രണ്ടു കിടപ്പുമുറി, അടുക്കള , ശുചിമുറി ഉള്‍പ്പെട്ട വീടുകളാണ് നിര്‍മിക്കുക. മാനസികമായോ ശാരീരികമായോ അവശതയുള്ളവര്‍ക്ക് പൊതുജന പങ്കാളിത്തത്തിലൂടെയും ഭവനനിര്‍മാണം നടത്താം. പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ മാനസികമായി ഉയര്‍ത്തുന്നതിനുള്ള ബോധവത്ക്കരണവും ചെലവുകുറഞ്ഞ വീടുനിര്‍മാണ രീതികളെക്കുറിച്ചും വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നടന്ന യോഗത്തില്‍ ക്ലാസെടുത്തു.

സുരക്ഷിത കൂടൊരുക്കും കേരളം’ പദ്ധതി: ബ്ലോക്കുകളില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തി
സുരക്ഷിത കൂടൊരുക്കും കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുകളില്‍ നടന്ന ഗുണഭോക്താക്കളുടെ സംഗമത്തില്‍ പഞ്ചായത്ത് -നഗരസഭാ പരിധികളില്‍ നിന്നും പ്രളയ ദുരിതബാധിതരുടെ പട്ടികയിലും ഉള്‍പ്പെട്ട 1241 കുടുംബങ്ങളിലെ അംഗങ്ങളാണ് പങ്കെടുത്തത്. ദുരിതം കൂടുതലായി ബാധിച്ച പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 192 കുടുംബങ്ങളിലെ 130 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 176 കുടുംബങ്ങള്‍ക്കാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടത്. ആറ് പഞ്ചായത്തുകളില്‍ നിന്നായി 165 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ 121 ഗുണഭോക്താക്കളാണ് പങ്കെടുത്തത്. മലമ്പുഴ, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങളും മലമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു കുടുംബങ്ങളും റെയില്‍വേ പുറമ്പോക്കിലാണ് താമസം. അതിനാല്‍ അവര്‍ക്ക് മറ്റു സ്ഥലം ലഭ്യമാകുന്നതിന് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലായി 91 വീടുകള്‍ പൂര്‍ണമായും 75 ശതമാനത്തിലധികം തകര്‍ന്ന ഒമ്പത് വീടുകളുമാണുള്ളത്. ഇതില്‍ 78 കുടുംബങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ ദുരിതബാധിരതായ 54 കുടുംബങ്ങളിലെ 41 പേരാണ് ഗുണഭോക്താക്കളുടെ സംഗമത്തില്‍ എത്തിയത്. തൃത്താല ബ്ലോക്ക
പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ 79 കുടുംബങ്ങളും പങ്കെടുത്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംഗമത്തില്‍ 47 പേരാണ് എത്തിയത്. ബ്ലോക്ക് പരിധിയിലെ 62 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ആലത്തൂരില്‍ 300 കുടുംബങ്ങളിലെ 200 ഗുണഭോക്താക്കളാണ് സംഗമത്തില്‍ പങ്കെടുത്തത്. അട്ടപ്പാടിയില്‍ 10 കുടുംബങ്ങളും ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ നടന്ന യോഗത്തില്‍ 66 കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ചിറ്റൂരില്‍ 91 കുടുംബങ്ങളിലെ 52 പേരും കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ 187 കുടുംബങ്ങളിലെ 71 പേരും മണ്ണാര്‍ക്കാട്ട് 80 കുടുംബങ്ങളിലെ 60 പേരും നെന്മാറയില്‍ 74 കുടുംബങ്ങളിലെ 66 അംഗങ്ങളുമാണ് പങ്കെടുത്തത്.