ശബരിമല: പമ്പയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മഹാപ്രളയത്തില്‍ തകര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് അടിസ്ഥാനസൗകര്യങ്ങളൊരുക്കി നിലയ്ക്കലിനെ അതിവേഗം ബേസ്‌ക്യാമ്പാക്കി മാറ്റിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനത്തിന് രണ്ടുമാസം മുമ്പാണ് പ്രളയമുണ്ടായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്യാവശ്യസൗകര്യങ്ങളൊരുക്കി തീര്‍ഥാടനം സുഗമമാക്കുന്നതിന് വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. നിലയ്ക്കലില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിന് വിദഗ്ധ ഏജന്‍സിയായ ടാറ്റാ പ്രോജക്ട്്‌സ് ലിമിറ്റഡിനെ ഏല്‍പ്പിച്ചത് അടിസ്ഥാനസൗകര്യങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തിലായിരുന്നു. നിലയ്ക്കലില്‍ വിരിഷെഡുകളും ടോയ്‌ലറ്റുകളും പോലീസിനുള്ള ബാരക്കുകളുമുള്‍പ്പടെ അത്യാവശ്യ സംവിധാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 25കോടിരൂപയാണ് ഇതിന് വകയിരുത്തിയത്. ടാറ്റാ പ്രോജക്ട്‌സ് ഈ പ്രവര്‍ത്തികള്‍ സ്‌പോണ്‍സര്‍ ഷിപ്പായി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് പമ്പയെയാണ്. പമ്പയുടെ പരിശുദ്ധി ഇല്ലാതാക്കി കെട്ടിവെച്ചതെല്ലാം പ്രളയം കൊണ്ടുപോയി കുടിവെള്ളത്തിനുള്ള പൈപ്പുലൈനുകള്‍പോലും തകര്‍ന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തി മൂലമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലയ്ക്കലിനെ ബേസ്‌ക്യാമ്പാക്കി മാറ്റി തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞത്. പമ്പയുടെ പരിശുദ്ധി വീണ്ടെടുക്കുകയാണ് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യം. കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും താല്‍ക്കാലിക വിരി സംവിധാനങ്ങളും പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ മഴ പെയ്താലും കക്കിയില്‍ നിന്ന് മണല്‍ വന്ന് പമ്പയില്‍ അടിയുന്ന സ്ഥിതിയാണുള്ളത്. സംരക്ഷിത വനപ്രദേശമായതിനാല്‍ ഒരുതരി മണല്‍പോലും സര്‍ക്കാരിനോ, ദേവസ്വംബോര്‍ഡിനോ എടുക്കുവാന്‍ കഴിയില്ല. ശേഖരിച്ചിട്ടുള്ള മണല്‍ എന്തുചെയ്യണമെന്ന നിര്‍ദേശത്തിനായി സുപ്രിംകോടതിയെ സമീപിക്കാന്‍ ദേവസ്വംബോര്‍ഡിനോട് നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.