കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന സ്മൈൽ പദ്ധതി സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുന്നതിന് ജില്ലയ്ക്ക് കരുത്ത് പകരുന്നു. ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കഡറി, വൊക്കേഷണൽ ഹയർ സെക്കഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് പൊതു പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് തയ്യാറാക്കിയ സ്മൈൽ പഠനസഹായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ജില്ലാ കലക്ടർ അരുൺ കെ വിജയൻ കൈമാറി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് കണ്ണൂർ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെയാണ് സ്മൈൽ (സ്പെഷ്യൽ മൊഡ്യൂൾ ടു ഇംപ്രൂവ് അച്ചീവ്മെന്റ് ലെവൽ ഇൻ പബ്ലിക് എക്സാംസ്) എന്ന പഠനപിന്തുണാ സാമഗ്രി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും പിന്തുണയോട് കൂടിയാണ് ഈ പദ്ധതി വിദ്യാലയങ്ങളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പുതിയ പാഠപുസ്തകങ്ങൾക്ക് അനുസൃതമായി പുതിയ രീതിയിലുള്ള ചോദ്യമാതൃകകൾ ഉൾപ്പെടുത്തി ഐ.ടി ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പഠനപിന്തുണ സാമഗ്രി ഒരുക്കിയിട്ടുണ്ട്. ഹയർസെക്കഡറി, വൊക്കേഷണൽ ഹയർസെക്കഡറികളിലെ മുൻവർഷങ്ങളിലെ പരീക്ഷ ഫലങ്ങൾ വിശകലനം നടത്തി കൂടുതൽ പഠന പിന്തുണ ആവശ്യമുള്ള 10 വിഷയങ്ങളിലാണ് പഠനസാമഗ്രി തയ്യാറാക്കിയിട്ടുള്ളത്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിലെ പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെയാണ് സ്മൈൽ പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്.
ആസൂത്രണസമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ.പി ശ്രീധരൻ, വിജയൻ മാസ്റ്റർ, ശ്രീന പ്രമോദ്, കെ താഹിറ, ടി.യു സരള, ഗവ. നോമിനി കെ.വി ഗോവിന്ദൻ, ഡിപിഒ നെനോജ് മേപ്പടിയത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, ഡയറ്റ് പ്രിൻസിപ്പൽ ഡോ കെ.പി രാജേഷ്, സമഗ്ര ശിക്ഷ കണ്ണൂർ ഡി.പി.സി ഇ.സി വിനോദ് എന്നിവർ പങ്കെടുത്തു.
