പാലക്കാട്: യൂസര്‍ റൈറ്റ് നിയമപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് ഉപയോഗസ്വാതന്ത്ര്യം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ വാളയാര്‍ വട്ടപ്പാറ ആറ്റുപ്പതി ഹരിജന്‍ കോളനി വാസികള്‍ വനപ്രദേശത്ത് കൂടിയുള്ള 800 മീറ്റര്‍ നടപ്പാത ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പരാതി പരിശോധിക്കവെയാണ് കമ്മീഷന്‍ പ്രതികരിച്ചത്. നിലവില്‍ കോളനിവാസികള്‍ റോഡ് ഉപയോഗിക്കുന്നുണ്ട്. വനംവകുപ്പിന്റെ അനുമതിയോടെ റോഡ് നിര്‍മ്മാണം നടത്തുന്നവര്‍ യൂസര്‍ ഏജന്‍സിയായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. അദാലത്തില്‍ വനംവകുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരിയായ കമലത്തിന്റെ വീട് ആക്രമിച്ച കേസില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എടുത്ത നടപടി സംബന്ധിച്ച് ഡി.വൈ.എസ് പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തിലെ നെല്ലിപ്പതി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നതില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയില്‍ പരാതിക്കാരന്റെ അപേക്ഷയുടെ മുന്‍കാലപ്രാബല്യം കണക്കാക്കി പരിശോധിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഒറ്റപ്പാലം പരിധിയിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ നികുതി കൈപ്പറ്റുന്നില്ലെന്ന പരാതിയില്‍ കമ്മീഷന്‍ ഒറ്റപ്പാലം തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റവന്യു റിക്കവറി സംബന്ധമായ പരാതികള്‍ സമയബന്ധിതമായി പരിഗണിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ പുതിയ നാലെണ്ണം ഉള്‍പ്പെടെ 39 പരാതികളാണ് പരിഗണിച്ചത് .ഇതില്‍ 11 എണ്ണം തീര്‍പ്പായി.