തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സുതാര്യവും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണമുണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരുടെയും പരിപ്പൂര്‍ണ സഹകരണമുണ്ടാകണമെന്ന് പൊതുനിരീക്ഷകന്‍ അശ്വിന്‍ കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ചെലവ് നിരീക്ഷകരായ വി.ചന്ദ്രന്‍, എ.എം ജാഫര്‍ എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണം നീതിയുക്തമാക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി നടപടി സ്വീകരിക്കും. നിയമ വിരുദ്ധമായി കണ്ടെത്തുന്ന പ്രചാരണ സാമഗ്രികള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും. പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചെലവ് വരുത്തുന്നത് സ്ഥാനാര്‍ഥികളുടെ അയോഗ്യതക്ക് കാരണമാകുമെന്ന് ചെലവ് നിരീക്ഷകര്‍ അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുന്നതാണ്. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളെ കമ്മീഷന്‍ അയോഗ്യരാക്കുമെന്നും യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.