തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജമാവുന്നു. 60 ലാപ്‌ടോപ്പുകളിലും ആറ് വലിയ സ്‌ക്രീനുകളിലും ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ സദാസമയവും നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കുക. ഇതിനായി 153 ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയത്. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
തിരഞ്ഞെടുപ്പ് ദിനമായ 11ന് രാവിലെ മോക് പോൾ മുതൽ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ആരംഭിക്കും. കൺട്രോൾ റൂം പ്രവർത്തനം രാവിലെ 5.30 ന് തുടങ്ങും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഈ ബൂത്തുകളുടെ ദൃശ്യങ്ങൾ നിരന്തര നിരീക്ഷണത്തിലായിരിക്കും.
കൺട്രോൾ റൂമിൽ സജ്ജമാക്കിയ ലാപ്‌ടോപ്പുകളിൽ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് 60 ഉദ്യോഗസ്ഥരുണ്ടാവും. 10 പേർക്ക് ഒരാളെന്ന നിലയിൽ ആറ് സൂപ്പർവൈസർ ചാർജ് ഓഫീസർമാർ, സാങ്കേതിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ വിപുലമായ സംവിധാനമാണ് കൺട്രോൾ റൂമിൽ ഉണ്ടാവുക. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ 18 ബൂത്തുകളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സജ്ജീകരണമുണ്ട്. കൺട്രോൾ റൂം സംവിധാനങ്ങൾ സജ്ജമാക്കുന്നത് വെബ്കാസ്റ്റിംഗ് ചുമതലയുള്ള നോഡൽ ഓഫീസർ പി.ബിന്ദു, അസിസ്റ്റന്റ് നോഡൽ ഓഫീസർ ടോമി തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ്. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയ പോളിങ് ബൂത്തുകളിൽ തടസ്സമില്ലാതെ വൈദ്യുതി, നെറ്റ് കണക്ഷൻ എന്നിവക്കായി ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി ജീവനക്കാരെയും ചുമതലപ്പെടുത്തി.
കൺട്രോൾ റൂമിന്റെ സജ്ജീകരണങ്ങൾ പൂർത്തിയായ ശേഷം വോട്ടെടുപ്പ് തലേദിവസം ഡിസംബർ 10ന് ട്രയൽ നടത്തി കൃത്യത ഉറപ്പുവരുത്തുമെന്ന് നോഡൽ ഓഫീസർ പി. ബിന്ദു അറിയിച്ചു.
