കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍, വിവിധ മേഖലകളിലെ വിതരണക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറുന്ന വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്നും വ്യത്യസ്തവും ഗുണനിലവാരവും ഉള്ള ഉത്പന്നങ്ങളാണ് സംരംഭകര്‍ ഉത്പാദിപ്പിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ഫലപ്രദമായ വിപണന സാധ്യത ഒരുക്കുകയാണ് ബിസിനസ്-ടു-ബിസിനസ് മീറ്റിന്റെ ലക്ഷ്യം.

ബി ടു ബി മീറ്റിലൂടെ കുടുംബശ്രീക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് വിതരണ പങ്കാളികളെ കണ്ടെത്തി വിപണന-വിതരണ സംവിധാനം രൂപപ്പെടുത്തും. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ 65 ഓളം കുടുംബശ്രീ സംരംഭകര്‍ വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിതരണകാര്‍ക്ക് ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന അവസരങ്ങള്‍ കണ്ടെത്താനും പരിപാടി അവസരമൊരുക്കി. ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 16 ഓളം വിതരണക്കാര്‍ പങ്കെടുത്തു. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ മേള വേദിയായി.

സംരംഭകരുടെയും വിതരണക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ ബി ടു ബി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് കലാവതി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ സലീന, ഡി.പി.എമാരായ അഷ്ഫാക് സുല്‍ത്താന്‍, പി.ഹുദൈഫ്, ശ്രുതി രാജന്‍ എന്നിവര്‍ സംസാരിച്ചു.