ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പന്റെ ഇഷ്ട അഭിഷേകവഴിപാടിലൊന്നായ അഷ്ടാഭിഷേകത്തിന് യഥേഷ്ടം സൗകര്യമൊരുക്കാന്‍ ദേവസ്വംബോര്‍ഡ്. നിലവില്‍ ദിവസം പതിനഞ്ചെണ്ണം എന്ന തോതില്‍ നിജപ്പെടുത്തി നടത്തിപ്പോരുന്ന അഷ്ടാഭിഷേകമാണ് ഭക്തരുടെ ആവശ്യത്തെതുടര്‍ന്ന് യഥേഷ്ടം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ അയ്യായിരം രൂപയാണ് അഷ്ടാഭിഷേകത്തിന് ഈടാക്കുന്ന തുക. കളഭം, ഭസ്മം, തേന്‍, പാല്‍, പനിനീര്‍, പഞ്ചാമൃതം, നെയ്യ്, കരിക്ക് എന്നിവ ഉപയോഗിച്ചാണ് അഷ്ടാഭിഷേകം നടത്തുന്നത്. പുതിയ തീരുമാനമനുസരിച്ച് അഭിഷേകം നേരിട്ട് കാണാനും സോപാനത്ത് കണ്ട് തൊഴാനും ഭക്തര്‍ക്ക് സൗകര്യമൊരുക്കും. ഒരു വഴിപാടിന് നാലുപേരെ സോപാനത്ത് പ്രവേശിപ്പിക്കും. വഴിപാടിനുള്ള ദ്രവ്യങ്ങള്‍ ദേവസ്വംബോര്‍ഡ് നല്‍കും.
സന്നിധാനത്തെത്തുന്ന ഭക്തന് മുന്‍കൂട്ടി ബുക്ക്‌ചെയ്യാതെ ചെയ്യാന്‍ കഴിയുന്ന വലിയ വഴിപാട് എന്നതാണ് അഷ്ടാഭിഷേകത്തെ വ്യത്യസ്തമാക്കുന്നത്. നേരത്തെ ചുരുക്കം പേര്‍ക്കുമാത്രം സാധ്യമായിരുന്ന ഈ വഴിപാട് ഇനി എല്ലാവര്‍ക്കും ലഭിക്കുന്നുവെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രത്യേകത. നിലവില്‍ പകല്‍ ഒന്‍പത് മണിമുതലാണ് അഭിഷേകസമയം. ആവശ്യക്കാരേറുന്ന മുറയ്ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തും. നെയ്യഭിഷേകത്തിന് തടസമുണ്ടാകാത്തതരത്തില്‍ അഷ്ടാഭിഷേകം നടത്താനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു. അഭിഷേകം കഴിഞ്ഞ ദ്രവ്യങ്ങള്‍ പ്രത്യേകപാത്രത്തിലാക്കി ഭക്തര്‍ക്ക് തിരികെനല്‍കുന്ന കാര്യവും ദേവസ്വംബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനുള്ള പാത്രങ്ങളുടെ വില അഭിഷേകചാര്‍ജിന് പുറമെ ഭക്തര്‍ നല്‍കേണ്ടിവരും. അഭിഷേകത്തിനായി പ്രത്യേക കൗണ്ടറും ക്യൂ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു. വടക്കേനടയിലാണ് കൗണ്ടറും ക്യൂ സംവിധാനവും ഏര്‍പ്പെടുത്തുക. അഷ്ടാഭിഷേകത്തിന്റെ പരിധി ഒഴിവാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഭക്തജനങ്ങള്‍.