അസുലഭമായ പേറ്റന്റ് നേട്ടങ്ങളുടെതാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന് ഇക്കഴിഞ്ഞ വർഷമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സ്‌ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ, വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണ്ണയിക്കുന്നതിനുള്ള രീതി, ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന ന്യൂതന റിലേ സംവിധാനം, റിബഡ് സ്‌മോക്ക്ഡ് റബർ ഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിംഗ് മാതൃക, പോർട്ടബിൾ ഫ്‌ലോമീറ്റർ സാങ്കേതികവിദ്യ എന്നിവയാണ് കലാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന സംഘങ്ങൾ ഈ വർഷം വികസിപ്പിച്ച് പേറ്റന്റ് കരസ്ഥമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

സി.ഇ.ടി. മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. ഡോ. വി. ആർ. രാജീവ്, ജി.ഇ.സി. വയനാട് മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ.ഡോ. ഹരീഷ് ടി.വി., എസ്.സി.ടി. എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. ഡോ. പ്രേം കുമാർ, സി.ഇ.ടി.യിലെ മുൻ ട്രേഡ് ഇൻസ്ട്രക്ടറായ ഉണ്ണികൃഷ്ണൻ ജി. എന്നിവർ നയിച്ച ഗവേഷണ പ്രവർത്തനങ്ങളാണ് സ്‌ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ (പേറ്റന്റ് നമ്പർ: 561871, ഗ്രാന്റ് തീയതി: 04/03/2025) കോളേജിൽനിന്ന് വികസിപ്പിച്ചത്.

വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണ്ണയിക്കുന്നതിനുള്ള രീതിയ്ക്ക് പേറ്റന്റ് (പേറ്റന്റ് നമ്പർ: 563229, ഗ്രാന്റ് തീയതി: 21/03/2025) നേടുന്നതിലേക്ക് നയിച്ച ഗവേഷണ പ്രവർത്തനങ്ങൾക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ മുൻ എസ്.പി.എഫ്.യു ഡയറക്ടറായ ഡോ. ശ്രീലക്ഷ്മി ആറും സി.ഇ.ടിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ലിഞ്ചു ലോറൻസും (ഗവ. പോളിടെക്‌നിക് കോളേജ്, പുനലൂർ) നേതൃത്വം നൽകി.

ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന ന്യൂതന റിലേ സംവിധാനം (പേറ്റന്റ് നമ്പർ: 572646, ഗ്രാന്റ് തീയതി: 27/10/2025) സി.ഇ.ടി. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. ഡോ. ടി. രാജീവ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിലെ മുൻ ഗവേഷണ വിദ്യാർത്ഥി ഡോ. ദിവ്യ എസ്. നായർ, മുൻ എം.ടെക് വിദ്യാർത്ഥി സിന്ദൂര മിറാജ് എന്നിവർ ചേർന്നാണ് വികസിപ്പിച്ചത്.

റിബഡ് സ്‌മോക്ക്ഡ് റബർ ഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിംഗ് രീതിയ്ക്കാണ് (പേറ്റന്റ് നമ്പർ: 575830, ഗ്രാന്റ് തീയതി: 15/12/2025) മറ്റൊരു പേറ്റന്റ് കലാലയം നേടിയത്. സി.ഇ.ടി. ഇലക്ട്രോണിക്‌സ് ആൻറ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പ്രൊഫ. ഡോ. ബിനു. എൽ. എസ്, ഗവ. എഞ്ചിനിയറിംഗ് കോളേജ് ബാർട്ടൻ ഹില്ലിലെ പ്രൊഫ. ഡോ. സനിൽ കെ ഡാനിയൽ, എം. ടെക്. റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ മുൻ വിദ്യാർത്ഥികളായ അനു എ ലാൽ, സുരഭി എസ്സ് എന്നിവർ ചേർന്നാണ് വികസിപ്പിച്ചത്.

സി.ഇ.ടി. മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. ഡോ. രഞ്ജിത്ത് എസ്. കുമാർ, ബി.ടെക്. പൂർവ്വ വിദ്യാർത്ഥികളായ ടീന കൃഷ്ണൻ, സിദ്ധാർത്ഥ് പ്രകാശ്, റനീസ് ടി.പി., ശ്രീ. മെനോസോ സാസ എന്നിവർ ചേർന്നു വികസിപ്പിച്ചതാണ് പേറ്റന്റ് നേടിയ പോർട്ടബിൾ ഫ്‌ലോമീറ്റർ സാങ്കേതികവിദ്യ (പേറ്റന്റ് നമ്പർ: 576218, ഗ്രാന്റ് തീയതി: 19/12/2025).

പേറ്റന്റുകൾ കരസ്ഥമാക്കിയ അധ്യാപകരെയും വിദ്യാർത്ഥികളെയും മന്ത്രി നേരിൽ ക്ഷണിച്ച് അനുമോദിച്ചു.