നമ്മുടെ നാടിന്റെ സെക്യുലർ പാരമ്പര്യത്തെ ശിഷ്ട സംസ്കൃതിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് നമ്മുടെ പൈതൃകമെന്ന് ആവർത്തിച്ചു പറയേണ്ട കാലമാണിതെന്ന് സാംസ്‌കാരിക വിമർശകൻ ഡോ. കെ. എം. അനിൽ പറഞ്ഞു. കണ്ണൂർ പൈതൃകോത്സവത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌മൃതികളാൽ നയിക്കപ്പെട്ട സംസ്കൃതിയിൽ നിന്ന് നവോത്ഥാനത്തിന്റെ കാലഘട്ടത്തിലേക്ക് മാറിയ നാടിനെ മിത്തുകളിലും പുരണങ്ങളിലും തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. നഷ്ടപ്പെട്ടു പോയവ പലതും പടുമുളകളായി തിരികെവരുന്നു. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ നാട്ടിൽ വ്യാപിക്കുന്നു. ഇത്തരം വെല്ലുവിളികൾ തിരിച്ചറിയുന്നതാണ് സെക്യുലർ പാരമ്പര്യം. നിങ്ങൾ എന്ത് ഉടുക്കണം, ബീഫ് കഴിക്കണോ, ക്രിസ്തുമസ് ആഘോഷിക്കണോ എന്നതെല്ലാം രാഷ്ട്രീയമായി മാറുന്നു. ഭരണഘടന, ദേശീയത, ഗാന്ധി, ടാഗോർ, അംബേദ്കർ, ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇവയൊക്കെയാണ് നമ്മുടെ പൈതൃകം എന്ന് ആവർത്തിച്ച് ഉറക്കെ പറയേണ്ട കാലമാണ്. ഏറ്റവും ശരിയായത് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ നാടിന്റെ നിലനിൽപ്പ് എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ട സാന്നിധ്യമായി. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ. വി. അജയകുമാർ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഡോ. എം. കെ. അനിൽ മുഖ്യാതിഥിയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി. വിനീഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർ എം. കെ. മനോഹരൻ എന്നിവർ സംസാരിച്ചു.

തുടർന്ന് രശ്മി സതീഷ് അവതരിപ്പിച്ച സംഗീത പരിപാടി നടന്നു.

പൈതൃകോത്സവത്തിൽ ചൊവ്വാഴ്ച മട്ടന്നൂരിന്റെ രാഗതാളവിസ്മയം

ജനുവരി ആറ് ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് പൈതൃകോ ത്സവത്തിൻ്റെ സമാപനച്ചടങ്ങിൽ പുരാവസ്‌തു പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമാപന പ്രസംഗം നടത്തും. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ചരിത്രകാരനും പ്രഭാഷകനുമായ ഡോ. പി.ജെ. വിൻസെൻ്റ് മുഖ്യ പ്രഭാ ഷണം നടത്തും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ളേരിയും ചേർന്ന് അവതരിപ്പിക്കുന്ന ‘ദ്വയ-രാഗതാളവിസ്‌മയ’ ത്തോടെ പൈതൃകോത്സവത്തിന് തിരശ്ശീല വീഴും.