ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കബനി നദി പുനരുജ്ജീനത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പാലത്തിന് സമീപമുള്ള അമ്മാറത്തോട് ശുചീകരിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ. ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണവും പുഴയുടെ ശുചീകരണവും ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ 21 തോടുകൾ ശുചീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുഴകളുടെ സംരക്ഷണ ഉത്തരവാദിത്തം എറ്റെടുത്താൽ മാത്രമാണ് നമ്മുടെ നാടിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേജന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീല ജോൺ ശുചീകരണ പ്രവർത്തനങ്ങളുടെ സാങ്കേതിക മേൽനോട്ടം വഹിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പ്രദേശവാസികളും ഒത്തുചേർന്നാണ് തോട് ശുചീകരിച്ചത്.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.എൻ. വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, എംജിഎൻആർഇജിഎ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.ജി. വിജയകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കെ.പി. ഷാജു, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ. സുധീർ കിഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
