കൊച്ചി: മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിൽ അഞ്ച് വീതം തെങ്ങുകയറ്റ യന്ത്രങ്ങളാണ് നൽകുന്നത്. ഈ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ബയോ ആർമി അംഗങ്ങളിൽ നിന്നുള്ള 55 പേർക്ക് തൃശൂർ വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമിയിൽ നിന്നും തെങ്ങുകയറ്റ യന്ത്രം ഉപയോഗിക്കുന്നതിലും മഴവെള്ള സംഭരണത്തിന്റെ ഭാഗമായുള്ള കിണർ റീചാർജിംഗിനും രണ്ട് ദിവസത്തെ പരിശീലനം ലഭിച്ചിരുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് രണ്ട് ദിവസത്തെ അധിക പരിശീലനവും ലഭിച്ചു.
പഞ്ചായത്തിലെ അഞ്ച് ലേബർ ബാങ്കുകൾക്കാണ് തെങ്ങുകയറ്റ യന്ത്രവും സേഫ്റ്റി ബെൽറ്റും നൽകുന്നത്. അഞ്ഞൂറിലധികം ബയോ ആർമി അംഗങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവരും അവരുടെ കുടുംബത്തിൽപ്പെട്ട 18നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുമാണ് എം.കെ.എസ്.പി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. തെങ്ങുകയറ്റത്തിൽ മാത്രമല്ല, വിവിധ മേഖലകളിൽ മെച്ചപ്പെട്ട പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയും കാർഷിക മേഖലയിൽ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ചെറിയതരം തെങ്ങിൻ തൈകളുടെ ഉൽപാദനം, നീര ഉൽപാദനം, ജീവാണു വള നിർമ്മാണം, ഗ്രോ ബാഗ് നിർമ്മാണം, പശു പരിപാലനം എന്നിവയിൽ പരിശീലനം നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
എം.കെ.എസ്.പി സി.ഇ.ഒ സി.വി ജോയ് പദ്ധതി വിശദീകരണം നടത്തുകയും പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് ക്ലാസെടുക്കുകയും ചെയ്തു. വനിതാ ക്ഷേമം എക്സ്റ്റൻഷൻ ഓഫീസർ സുരേഷ് ജെ നായർ എം.കെ.എസ്.പി റിപ്പോർട്ട് അവതരിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ രശ്മി, ടി.ഡി സുധീർ, മറ്റ് അംഗങ്ങളായ ടൈറ്റസ് ഗോതുരുത്ത്, സീതാലക്ഷമി അനിൽകുമാർ, ഗീത സന്തോഷ്, ഹരി കണ്ടംമുറി, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിക്കുന്നു