നഗരത്തിലെ തിരക്കിനിടയില്‍ ജീവിതത്തിന്റെ സായംകാലം ആസ്വദിക്കാന്‍ ഇടമില്ലെന്ന പാലായിലെ വയോധികരുടെ പരാതിക്ക് പരിഹാരമാകുന്നു. വാര്‍ധക്യകാലത്ത് പ്രകൃതി ഭംഗി ആസ്വദിച്ച്, സുഹൃത്തുക്കളുമായി അല്‍പ നേരം പങ്കിടാന്‍ മനോഹരമായ വിശ്രമസ്ഥലം ഒരുക്കുകയാണ് പാല നഗരസഭ.
മുതിര്‍ന്ന പൗര•ാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍  നടപ്പാക്കുന്ന  സായംപ്രഭ പദ്ധതിയുടെ ഭാഗമായാണ്   മിനി സിവില്‍ സ്റ്റേഷനു സമീപം ളാലം തോടിനോടു ചേര്‍ന്ന് പാര്‍ക്ക് ഒരുങ്ങുന്നത്.  നഗരഹൃദയത്തിലാണെങ്കിലും തിരക്കുകളൊന്നും ബാധിക്കാത്ത പ്രദേശമാണിത്. കാടു പിടിച്ച് കിടന്നിരുന്ന പ്രദേശം വെട്ടി തെളിച്ച്  വൃത്തിയാക്കിയാണ്  ഗാര്‍ഡന്‍ ബഞ്ചുകളും കസേരകളും സ്ഥാപിച്ചിരിക്കുന്നത്. അമ്പതിലധികം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ആദ്യഘട്ടമെന്ന നിലയില്‍ ഒരുക്കിയിരിക്കുന്നത്. ടോയ്‌ലറ്റ്, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. നിര്‍മ്മാണം അവസാനഘട്ടത്തിലാണെങ്കിലും സന്ദര്‍ശകരുടെ തിരക്ക് ആരംഭിച്ചുകഴിഞ്ഞു.
ഇവിടെയെത്തുന്ന മുതിര്‍ന്ന പൗര•ാര്‍ക്ക് രണ്ടു നേരം സൗജന്യ ഭക്ഷണ വിതരണം, കൗണ്‍സലിങ്, യോഗ, മെഡിറ്റേഷന്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം പഴയ കാല സിനിമകള്‍ കാണുന്നതിനും  പാട്ടുകള്‍ കേള്‍ക്കുന്നതിനും എക്‌സിബിഷനുകള്‍ നടത്തുന്നതിനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 15 ലക്ഷം രൂപയുടെ  പദ്ധതി ഇതിനായി സമര്‍പ്പിച്ചിട്ടുണ്ട്.
വൈദ്യുതി സൗകര്യം ഉള്ളതിനാല്‍  നഗരസഭയുടെ യോഗങ്ങള്‍ക്കും കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍ പോലുള്ള കൂട്ടായ്മകള്‍ക്കും ഇവിടം സൗജന്യമായി വിട്ടു നല്‍കാനാണ് തീരുമാനം. പാലാ നഗരസഭാ പരിധിയില്‍ 21 ശതമാനം പേര്‍ 60 വയസ് പിന്നിട്ടവരാണ്. ഇവരുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഉല്‍പ്പെടുത്തി  പാര്‍ക്കിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കൗണ്‍സിലര്‍ ഡോക്ടര്‍മാര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുള്‍പ്പെടുന്ന  മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.