** നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വനിതകൾ അണിനിരക്കും
** 14 നിയോജക മണ്ഡലങ്ങൾക്കും പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇടംനേടാനൊരുങ്ങുന്ന വനിതാ മതിലിന്റെ തയാറെടുപ്പുകൾ ഊർജിതം. ജില്ലയുടെ വടക്കേ അറ്റമായ കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമവരെയുള്ള 43.5 കിലോമീറ്റർ ദൂരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽനിന്നുമുള്ള വനിതകൾ മനുഷ്യമതിലിനായി കൈകോർക്കും. ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നുള്ളവരും അണിനിരക്കേണ്ട പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു. ആളുകൾക്ക് പരമാവധി എളുപ്പത്തിൽ എത്തിച്ചേരാനാകും വിധമാണു സ്ഥലങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നു സംഘാടക സമിതി കൺവീനർകൂടിയായ ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു.
കടമ്പാട്ടുകോണം മുതൽ തട്ടുപാലം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം വർക്കല മണ്ഡലത്തിൽനിന്നുള്ള വനിതകൾ മതിലിനായി അണിനിരക്കും. തട്ടുപാലം മുതൽ ആയാംകോണം വരെയുള്ള രണ്ടര കിലോമീറ്റർ വാമനപുരം മണ്ഡലത്തിലെയും ആയാംകോണം മുതൽ കെ.ടി.സി.ടി. ആശുപത്രി വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം നെടുമങ്ങാട് മണ്ഡലത്തിലെയും കെ.ടി.സി.ടി. ആശുപത്രി മുതൽ ആറ്റിങ്ങൽ കോളജ് ഓഫ് എൻജിനീയറിങ് വരെയുള്ള നാലു കിലോമീറ്റർ ദൂരം ആറ്റിങ്ങൽ മണ്ഡലത്തിലെയും വനിതകൾ മതിലിന്റെ ഭാഗമാകും.
ആറ്റിങ്ങൽ കോളജ് ഓഫ് എൻജിനീയറിങ് മുതൽ കോരാണി ജങ്ഷൻ വരെയുള്ള നാലു കിലോമീറ്ററിൽ ചിറയിൻകീഴ് മണ്ഡലത്തിൽനിന്നുള്ളവരാണ് മതിൽ ഒരുക്കേണ്ടത്. കോരാണി ജങ്ഷൻ മുതൽ ചെമ്പകമംഗലം വരെയുള്ള 2.2 കിലോമീറ്റർ ദൂരം കോവളം മണ്ഡലത്തിൽ നിന്നെത്തുന്ന വനിതകൾ മതിൽ തീർക്കും. ചെമ്പകമംഗലം മുതൽ മംഗലപുരം ജങ്ഷൻ വരെയുള്ള 2.1 കിലോമീറ്റർ സ്ഥലത്ത് നേമം മണ്ഡലവും മംഗലപുരത്തുനിന്ന് സി.ആർ.പി.എഫ് ജങ്ഷൻ വരെയുള്ള രണ്ടര കിലോമീറ്ററിൽ നെയ്യാറ്റിൻകര മണ്ഡലവും സി.ആർ.പി.എഫ് ജങ്ഷൻ മുതൽ വെട്ടുറോഡ് മുത്താരമ്മൻ ക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്ററിൽ അരുവിക്കര മണ്ഡലവും മതിൽ ഒരുക്കും.
വെട്ടുറോഡ് മുതൽ കഴക്കൂട്ടം ജങ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ കാട്ടാക്കട മണ്ഡലത്തിൽനിന്നും കഴക്കൂട്ടം മുതൽ കൊടുത്തറ യോഗീശ്വര ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റർ പാറശാല മണ്ഡലത്തിൽനിന്നും എത്തുന്ന വനിതകൾ മതിൽ ഒരുക്കും. യോഗീശ്വര ക്ഷേത്രം – കല്ലമ്പള്ളി 3.8 കിലോമീറ്റർ റീച്ചിൽ കഴക്കൂട്ടം മണ്ഡലത്തിലെയും തുടർന്നു കല്ലമ്പള്ളി മുതൽ ചാലക്കുഴി ജങ്ഷൻ വരെയുള്ള 3.5 കിലോമീറ്ററിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെയും സ്ത്രീകൾ മതിലിന്റെ ഭാഗമാകും. ചാലക്കുഴി ജങ്ഷൻ മുതൽ മതിൽ അവസാനിക്കുന്ന വെള്ളയമ്പലം ജങ്ഷൻ വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്ത് തിരുവനന്തപുരം മണ്ഡലത്തിലെ വനിതകളാകും മതിലിൽ അണിചേരുന്നത്.
വനിതാ മതിൽ വിജയമാക്കാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘാടക സമിതികൾ രൂപീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 18 നു മുൻപ് ഈ യോഗങ്ങൾ പൂർത്തിയാകും. ഇതിനു ശേഷം കോർപ്പറേഷൻ വാർഡ് തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപീകരണം നടക്കും. ഓരോ നിയമസഭാ മണ്ഡലത്തിലേയും സംഘാടന ചുമതല പ്രത്യേക ഉദ്യോഗസ്ഥ പ്രതിനിധികൾക്കു നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.