തൃത്താലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് അര്‍ഹരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് വി.ടി.ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി ഹിളര്‍ അധ്യക്ഷനായി. വി.ടി.ബല്‍റാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്. ഇത് പ്രകാരം എം.എല്‍.എ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച 65 പേരില്‍ 60 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. തൃത്താല നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി വാഹനം വിതരണം ചെയുകയാണ് ലക്ഷ്യമെന്ന് എം. എല്‍. എ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2016ല്‍ 14 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ജയന്തി, എം.വി സുജാത, കെ.പി പ്രിയ, അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഇ. എസ് ശ്രീജിത്ത്, വികലാംഗക്ഷേമ ബോര്‍ഡ് പ്രതിനിധികളായ ബി.വിജയകുമാര്‍, കെ.ജെ.ജോസ് കുഞ്ഞ്, സാമൂഹ്യക്ഷേമ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍ എന്നിവര്‍ സംബന്ധിച്ചു.