അട്ടപ്പാടിയുടെ പിന്നാക്കാവസ്ഥ പഠനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്ര നാഥ് പറഞ്ഞു. പഠിക്കുന്നവര്‍ ഉണ്ടായാല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് സമൂഹം മുന്നേറും. അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും മൂന്നാംഘട്ടം ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വയനാട്ടിലും അട്ടപ്പാടിയിലുമാണ് കാണുന്നത്. ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് സാധ്യമായിട്ടുണ്ട്. കൊഴിഞ്ഞുപോക്ക് പൂജ്യം ശതമാനമാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിന് എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. വിദ്യാഭ്യാസം നിഷേധിക്കപ്പെടാതെ അറിവ് നേടി സമൂഹം മുന്നോട്ട് വരണം. നിരക്ഷരരുള്ള സമൂഹം വികസിതമാകില്ല.’ അട്ടപ്പാടി ബ്ലോക്കിനെ സമ്പൂര്‍ണ്ണ സാക്ഷരതയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. അട്ടപ്പാടിയിലെ എം ജി എം സി അപ്‌ഗ്രേഡ് ചെയ്യും. ഇനി ഒരു ബാല്യവും നിരക്ഷരരായി അട്ടപ്പാടിയില്‍ ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.

എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷനായി.സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ പദ്ധതി വിശദീകരണം നടത്തി. ആട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍, ഐ.ടി ഡി.പി ഓഫീസര്‍ കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.രണ്ടാം ഘട്ട സാക്ഷരതാ പദ്ധതി പരീക്ഷ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. 2624 പേരാണ് പരീക്ഷയെഴുതിയത്.