ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം ഹെക്ടര്‍  സ്ഥലത്തേക്ക് പുതുതായി നെല്‍കൃഷി ആരംഭിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ അന്നശ്ശേരി പാക്കവയലില്‍ നെല്‍വിത്തിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാല്‍ നെല്‍കൃഷി നടത്താന്‍ സാധിക്കാതെ പോയ പ്രദേശങ്ങളെയും കര്‍ഷകരെയും കണ്ടെത്തി അവരെ പരമാവധി സഹായിച്ചുകൊണ്ട് നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കും. ചെലവും വരുമാനവും ഒരു തരത്തിലും പൊരുത്തപ്പെട്ടു പോകാതിരുന്നതിനാലാണ് നെല്‍ വയലുകള്‍ തരിശായി കിടന്നത് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും.
വെളളക്കെട്ട് കാരണം കൃഷി ചെയ്യാതെ 35 വര്‍ഷമായി കിടന്നിരുന്ന സ്ഥലത്താണ്  വിത്തിടല്‍ നടന്നത്. അന്നശ്ശേരി തോടിന്റെ പ്രവൃത്തി ഒരുഘട്ടം പൂര്‍ത്തിയായതോടു കൂടിയാണ് പാക്കവയല്‍ കൃഷിയ്ക്ക് അനുയോജ്യമായി തീര്‍ന്നത്. കൃഷി വകുപ്പ്, ഹരിത മിഷന്‍, ആത്മ, തൊഴിലുറപ്പ് പദ്ധതി, കര്‍ഷക പങ്കാളിത്തം എന്നിവയിലൂടെയാണ് കര്‍ഷകര്‍ സാമ്പത്തിക സഹായം കണ്ടെത്തിയത്. ഇത് വിജയമാവുകയാണെങ്കില്‍ നെല്‍കൃഷി ഉല്‍പാദന മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും മറ്റ് പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 250 മെട്രിക് ടണ്‍ വിളവ് അധികമായി ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഏകദേശം 100 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  പാക്കവയലില്‍ 50 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
  ചേളന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍  കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ടി പുഷ്‌കരന്‍ പദ്ധതി വിശദീകരിച്ചു.  തലക്കുളത്തൂര്‍ പഞ്ചായത്ത്  വൈസ് പ്രസി. കെ ടി പ്രമീള, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രകാശന്‍  മെമ്പര്‍ ഇ. ടി മനോഹരന്‍ പങ്കെടുത്തു.