മഴക്കാലം മുന്‍നിര്‍ത്തിയുള്ള അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നാഹങ്ങള്‍ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്കി മന്ത്രിമാരായ ഷിബു ബേബി ജോണും ബിന്ദു കൃഷ്ണയും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മന്ത്രിമാര്‍ പ്രതിരോധനടപടികള്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ദുരന്തപ്രതിരോധത്തിന് ജില്ല സജ്ജമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരന്തസാഹചര്യം നേരിടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുന്നതിനാണ് നിര്‍ദേശം.
ദുരന്തനിവാരണത്തിന് അനിവാര്യമായ മണ്ണ് മാന്തിയന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കി. ആംബുലന്‍സ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ഇതരആവശ്യങ്ങള്ക്കുള്ള വാഹനങ്ങള്‍ ഉറപ്പാക്കുന്നതിനും നിര്‍ദേശിച്ചു. വെള്ളക്കെട്ട് സാധ്യതാമേഖലകള്‍ കണ്ടെത്തി പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ദേശീയപാതയോരങ്ങള്‍, എം.സി. റോഡ് എന്നിവിടങ്ങളിലെ അപകടരമായ മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളായി.
ദേശീയപാതയോരങ്ങള്‍, എം.സി. റോഡ് എന്നിവിടങ്ങളിലെ അപകടരമായ മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളായി.
മഴക്കാലരോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡ്തല ശുചിത്വ സമിതികള്‍ രൂപീകരിച്ച് ആവശ്യമായ നടപടികളെടുക്കണം, 1599 ശുചിത്വപരിപാടികള്‍ നിര്‍വഹിച്ച സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണം. 244.7 ടണ്‍ അജൈവമാലിന്യ നീക്കം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗ സാധ്യത നിയന്ത്രിക്കാനാകുമെന്ന് വ്യക്തമാക്കി.
ജലാശയങ്ങളിലെഒഴുക്ക് സുഗമമാക്കുന്നതിന് ഓടകള്‍ വൃത്തിയാക്കുന്നു. വൈദ്യുതി വകുപ്പ്, ജലസേചനം, പൊതുമരാമത്ത് വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള അടിയന്തരഘട്ട കാര്യനിര്‍വഹണ സംഘം പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത വിഷ്ണു മോഹന്‍ എം. എല്‍. എ, ഓണ്‍ലൈനായി പങ്കെടുത്ത അജയപ്രസാദ് എം. എല്‍. എ എന്നിവര്‍ ജില്ലയുടെ വിവിധ മേഖലകളിലും അതത് മണ്ഡലങ്ങളിലും നടപ്പിലാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. രോഗവ്യാപനനിയന്ത്രണവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടിയാണ് ഇരുവരും ആവശ്യപ്പെട്ടത്.
എ. ഡി. എം. ടി. കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
