മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്‍കി.

ഒറ്റരാത്രികൊണ്ട് മണ്ണാല്‍ മുറിവേറ്റ് ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് രാവിലെ മുതല്‍ പുത്തുമലയില ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതല്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓര്‍മകളുമായി ജീവിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ പൂക്കളും പ്രാര്‍ത്ഥനയുമായി ഹൃദയഭൂമിയില്‍ ഒത്തുകൂടിയിരുന്നു. ഒരു നാട്ടില്‍ ഒരുമിച്ച് ജീവിച്ച് ഒരേ മണ്ണില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാദര്‍ ജിജോ, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബബിത, ഡോ. യൂസഫ് നദ്‌വി എന്നിവര്‍ പ്രര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളായ ടി.ജെ ഐസക്, കെ റഫീഖ്, ടി മുഹമ്മദ്, പി.കെ അനില്‍കുമാര്‍, ജെയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.