സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘റീസർജ് – സെയ്ഫ് വിമെൻ, സെയ്ഫ് കേരള’ വനിതാ കൂട്ടായ്മ ആഗസ്റ്റ് 14ന് രാത്രി 9.30 മുതൽ 15ന് പുലർച്ചെ 1 വരെ തിരുവനന്തപുരം നഗരത്തിൽ നടക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷൻ, പാളയം മാർക്കറ്റിന് മുന്നിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള പാതയിൽ വിവിധ പരിപാടികൾ നടക്കും. പ്രവേശനം സൗജന്യമാണ്.
പുനരുത്ഥാനം, പുതുജീവൻ എന്ന ആശയമാണ് ‘റീസർജ്’ പ്രതിനിധീകരിക്കുന്നത്. ഭയത്തിന്റെ അതിർവരമ്പുകൾ മറികടന്ന് സ്വന്തം ഇടം സ്വയം ഏറ്റെടുത്ത് മുന്നോട്ടുവരുന്ന സ്ത്രീശക്തിയെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. ‘സെയ്ഫ് വിമെൻ, സെയ്ഫ് കേരള’, ‘സ്വാതന്ത്ര്യം പകലിൽ മാത്രമല്ല, രാത്രിയിലും’ എന്നിവയാണ് പരിപാടിയുടെ പ്രധാന സന്ദേശമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും തൊഴിൽ പങ്കാളിത്തത്തിലും കേരളം മുന്നിലാണെങ്കിലും രാത്രിയിൽ പൊതുസ്ഥലങ്ങളിലൂടെ ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുമോ എന്ന ചോദ്യം ഇന്നും നിലനിൽക്കുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരും പഠനത്തിനും ചികിത്സയ്ക്കുമായി യാത്ര ചെയ്യുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകൾക്ക് രാത്രിയും ജീവിതത്തിന്റെ ഭാഗമാണ്. രാത്രിയിലെ പൊതു ഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സാമൂഹിക ബോധം ശക്തിപ്പെടുത്തുകയും സ്ത്രീകളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം, സ്വയരക്ഷ, ആരോഗ്യം, കായികക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കൽ, വനിതാ സംരംഭകർക്ക് വിപണനാവസരം ഒരുക്കൽ, വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും കൂട്ടായ്മയിലൂടെ സ്ത്രീസൗഹൃദ നഗരമെന്ന ആശയം മുന്നോട്ടുവയ്ക്കൽ എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
വനിതാ ബുള്ളറ്റ് റൈഡേഴ്‌സിന്റെ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കം. ഷീ സൈക്ലിംഗ് കൂട്ടായ്മയിലെ 25 വനിതകളുടെ സൈക്കിൾ റാലി, ടീം പൂജപ്പുരയിലെ 40 പെൺകുട്ടികളുടെ സ്‌കേറ്റിംഗ്, 40 പെൺകുട്ടികളുടെ കളരിപ്പയറ്റ് പ്രകടനം, പോലീസ് നേതൃത്വത്തിലുള്ള സ്ത്രീകളുടെ സ്വയരക്ഷാ പരിശീലനം എന്നിവ നടക്കും. ഇന്ത്യൻ എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷന്റെ പ്രദർശന സ്റ്റാളുകൾ, കലാകാരികളുടെ നൃത്താവതരണം, വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ നൃത്തം, സംഗീതം, കവിതാവതരണം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാവർക്കും പങ്കെടുക്കാവുന്ന സൂംബ സെഷനും സംഘടിപ്പിക്കും. 30 വനിതാ സംരംഭകർ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സംരംഭക പ്രദർശനം, സ്ത്രീകൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ‘വാൾ ഓഫ് ഫ്രീഡം’, സ്ത്രീസുരക്ഷാ ആപ്പുകളുടെയും ഹെൽപ് ലൈനുകളുടെയും പ്രദർശനം, പോലീസ് ഹെൽപ് ഡെസ്‌ക്, ഷീ ടീം സംവിധാനം എന്നിവയും ഉണ്ടാകും. ഭക്ഷണശാലകളും രാത്രിച്ചന്തയും ഒരുക്കും. പ്രഥമശുശ്രൂഷ, ആംബുലൻസ്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കും.
വനിതാ ശിശു വികസന വകുപ്പ്, ആഭ്യന്തര വകുപ്പ്/കേരള പോലീസ്, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഗതാഗത വകുപ്പുകൾ, വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ, കുടുംബശ്രീ, ഇന്ത്യൻ എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ, കോളേജ് വിദ്യാർഥിനികൾ, വനിതാ സംരംഭകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, വകുപ്പ് ഡയറക്ടർ വി. വിഗ്‌നേശ്വരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
