നെയ്ത്തുകാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ലൂം വാക്കത്തോൺ സംഘടിപ്പിച്ചു. ‘ഓണം കൈത്തറിയോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റ് വളപ്പിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ കിഴക്കേകോട്ട ശ്രീചിത്തിര തിരുനാൾ പാർക്കിൽ സമാപിച്ചു.

വ്യവസായ,കൈത്തറി,ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാക്കത്തോൺ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവ്വഹിച്ചു. നമ്മുടെ തനതു പാരമ്പര്യത്തിന്റെയും കൈത്തറി മേഖലയുടെയും വളർച്ചയ്ക്ക് ഇത്തരം പ്രചാരണ പരിപാടികൾ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നഗരസഭാ മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, ഹാൻടെക്സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.

വാക്കത്തോണിൽ നെയ്ത്തുകാർ, കൈത്തറി അനുബന്ധ തൊഴിലാളികൾ, ജില്ലാ കൈത്തറി വികസന സമിതി അംഗങ്ങൾ, സഹകാരികൾ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങി ആയിരത്തോളം പേർ അണിനിരന്നു. സമാപനത്തിന് ശേഷം വർണ്ണാഭമായ മെഗാ തിരുവാതിരയും അരങ്ങേറി.

ആഗസ്റ്റ് 25 വരെ കിഴക്കേക്കോട്ട ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേള നടക്കും. മേളയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് 20 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. കൂടാതെ, നിരവധി ഓഫറുകൾ, ഡിസ്കൗണ്ടുകൾ, ഡെയിലി സെൽഫി കോണ്ടസ്റ്റ്, പ്രതിവാര നറുക്കെടുപ്പ്, മെഗാ നറുക്കെടുപ്പ് എന്നിവയും ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്