ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്‍ പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം. ഇതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും മറ്റ് ബോര്‍ഡംഗങ്ങളുമായിട്ട് സംസാരിച്ച് ഇടുക്കിക്കാരന്‍ എന്ന നിലയില്‍ ഈ ആവശ്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കും എന്ന് മന്ത്രി അറിയിച്ചു.

ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രത്യേകതകള്‍ സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് തന്നെ ടൂറിസം കേന്ദ്ര സഹ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്‍നടപടി സ്വീകരിക്കും. ഡാം സന്ദര്‍ശനവേളയില്‍ ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെ ഒരു എന്‍ജിനീയറിങ്, ഇങ്ങനെ ഒരു ആര്‍ക്കിടെക്ചറല്‍ സ്‌കില്‍, ഇങ്ങനെ ഒരു കാഴ്ചപ്പാട്, അത് അതിന് നേതൃത്വം നല്‍കിയ നേതൃത്വത്തെയും എന്‍ജിനീയറിങ് വിങ്ങിനെയും പ്രത്യേകമായും പ്രശംസിക്കാനും നന്ദിയും കടപ്പാടും അറിയിക്കാനും ആഗ്രഹിക്കുകയാണ്. അതിന്റെ നന്മ നിലനിര്‍ത്താന്‍ സാധിക്കണം.

ഇടുക്കി ജില്ലയുടെ പ്രകൃതിരമണീയത കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അംഗീകരിക്കുന്നതില്‍ പ്രധാനപ്പെട്ടത് നമ്മളുടെ പ്രകൃതിസൗന്ദര്യമാണ്. നമ്മുടെ സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പുമാണ്. ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 22% ആയിരുന്നു. കഴിഞ്ഞവര്‍ഷം 67% ഉള്ളിടത്തായിരുന്നു ഇത്. ഏതായാലും പ്രകൃതി നമ്മളെ കൈവിട്ടില്ല, കുറച്ചൊക്കെ മഴ കിട്ടി. ഇന്നിപ്പോള്‍ ജലനിരപ്പ് 57% ആയി ഉയര്‍ന്നത് ആശ്വാസമാണ്.
കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വയനാടിനെയും തിരുവനന്തപുരത്തെയും വിമാനത്താവളവും കപ്പല്‍ത്താവളവും എല്ലാമുള്ള കൊച്ചിയെയും അപേക്ഷിച്ച് അഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഏറ്റവും ആകര്‍ഷകമായ, പ്രകൃതിരമണീയമായ, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്ന ജില്ല ഇടുക്കി ആണ്. ഇടുക്കിയുടെ പ്രകൃതിരമണീയത നിലനിര്‍ത്താന്‍ സാധിക്കണം. ടൂറിസ്റ്റ് സാധ്യതകള്‍ നന്നായി വിനിയോഗിക്കാന്‍ സാധിക്കണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങള്‍ക്ക് സന്ദര്‍ശാനുമതി നിഷേധിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും. കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ കൃഷിക്കാരന്റെ ഭൂമി സംബന്ധിച്ച അവകാശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് അനുമതി നല്‍കും. റോഡ്, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്‍, മെഡിക്കല്‍ കോളേജിന്റെ വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.
പാരിസ്ഥിതിക സ്ഥിതിവിശേഷങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ അത്തരം നിയമങ്ങള്‍ മനുഷ്യര്‍ക്ക്, കൃഷിക്കാര്‍ക്ക്, സ്ഥല ഉടമകള്‍ക്ക്, അവിടെ താമസിക്കുന്നവര്‍ക്ക് പ്രതികൂലമാകാന്‍ പാടില്ല എന്ന നിലപാടിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ എത്തിക്കുന്നതില്‍ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയുടെ മനോഹാരിത സംരക്ഷിക്കാന്‍ ഈ ഓണാഘോഷം കരുത്തുപകരട്ടെ എന്നും മന്ത്രി ആശംസിച്ചു.
സ്വദേശി ദര്‍ശന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന അതിബൃഹത്തായ പ്രോജക്ട് ഇടുക്കിയില്‍ യാഥാര്‍ഥ്യമാകും എന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇക്കോ ലോഡ്ജും ലാന്‍ഡ്‌സ്‌കേപ്പിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്‍ദേശവും സമര്‍പ്പിക്കുന്നത്. ഡാം റിസര്‍വോയറിന്റെ മുന്‍വശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ വിധത്തില്‍ അതിനേക്കാള്‍ മനോഹാരിതയോടെ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും സഹകരണം ആവശ്യമാണ്. കെഎസ്ഇബിയുടെ എന്‍ഒസി ലഭിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ ഉണ്ട്. കാരണം ഈ ഡാമിന്റെ നിയമം പ്രത്യേകിച്ചും കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റി ആക്ട് യാഥാര്‍ത്ഥ്യമായതിനുശേഷം അതിഭയങ്കരമായ നിയന്ത്രണമുണ്ട്. 500 മീറ്റര്‍ ഭാഗത്ത് യാതൊരു തരത്തിലുമുള്ള നിര്‍മ്മിതികളും പാടില്ല. എത്രയും പെട്ടെന്ന് കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും അനുമതിയോടെ കേന്ദ്രസര്‍ക്കാരിനു മുന്‍പാകെ പദ്ധതി സമര്‍പ്പിക്കാന്‍ കഴിയും എന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും എംപി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ചെറുതോണിയില്‍ വര്‍ണസബളമായ ഓണം വിളംബര ഘോഷയാത്രയും നടന്നു. റോയി കെ. പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പ്രൊഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംഞ്ചേരി, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സിജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ഡി അര്‍ജുനന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറക്കപറമ്പില്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു നിള, ടെസ്സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം കലേഷ് സി ജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ മണികണ്ഠന്‍ എ.,
ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ സംഘടനാ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
