സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കാപ്പക്‌സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് വിരമിച്ച 854 തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്‌സ് പെരുമ്പുഴ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ വനം, വന്യജീവി, കശുവണ്ടി വകുപ്പ് മന്ത്രി   ഷിബു ബേബി ജോണ്‍ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


കാപ്പക്‌സ് ഫാക്ടറികളില്‍ നിന്ന് 2021, 2022 വര്‍ഷങ്ങളിലും കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് 2023, 2024 വര്‍ഷങ്ങളിലും വിരമിച്ച തൊഴിലാളികള്‍ക്കാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യുന്നത്.
കശുവണ്ടി ആപ്പിളില്‍ നിന്ന് വികസിപ്പിച്ചെടുത്ത സോഡയുടെയും കശുവണ്ടി പരിപ്പില്‍ നിന്ന് അഞ്ച് വ്യത്യസ്ത രുചികളില്‍ തയ്യാറാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും ആദ്യ വിപണന ഉദ്ഘാടനവും മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു. കശുവണ്ടി വ്യവസായത്തിലെ ഉപോല്‍പ്പന്നങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി തൊഴിലാളികള്‍ക്കും വ്യവസായത്തിനും കൂടുതല്‍ വരുമാന സാധ്യതകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍  എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി  സി വിഷ്ണുനാഥ് സംസാരിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുന്ന തരത്തില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് അംഗം വിനിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേശ്വരി അമ്മ, വാര്‍ഡ് അംഗം മിനി, യു ടി യു സി ദേശീയ പ്രസിഡന്റ് എ. എ. അസീസ്,   ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. ശൂരനാട് ശ്രീകുമാര്‍, സി ഐ ടി യു കൊല്ലം ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി ജി. ബാബു, കാപ്പക്‌സ് മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.