ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയോജിത പദ്ധതി തയ്യാറാക്കണമെന്ന് നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരീസ് സംസ്ഥാന നോഡല്‍ ഓഫീസര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍. സംസ്ഥാന നോഡല്‍ ഓഫീസറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കി വേണം പദ്ധതികള്‍ തയ്യാറാക്കാനെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. പുള്ളിക്കട കോളനിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളില്‍ അഭിമാനബോധം വളര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത്. മികച്ച വേതനം, പാര്‍പ്പിട സൗകര്യം, തൊഴില്‍ സുരക്ഷ ഉപകരണങ്ങള്‍, യൂണിഫോം, കൃത്യമായ ഇടവേളകളിലുള്ള മെഡിക്കല്‍ ചെക്കപ്പ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണം. ജില്ലയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ആരംഭിക്കണമെന്നും ശുചീകരണ തൊഴിലാളികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ലോണ്‍ സംവിധാനം ഒരുക്കണമെന്നും നോഡല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ഭാരതീയ സഫായി കരംചാരീസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍മാരായ കരുമം രവീന്ദ്രന്‍, തോമസ് ജോസഫ്,  ഡിഡി എല്‍ എസ് ജി ഡി ബി അജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ ഷാനവാസ്, സഫായി കരം ചാരി ആന്ദോളന്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. സുന്ദരരാജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.