ലോക ഹരിത ഉപഭോക്തൃ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനവും 1000 സ്‌കൂൾ കൺസ്യൂമർ ക്ലബ്ബ് രൂപീകരണ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു

വിദ്യാർത്ഥികളിലൂടെ പുതിയൊരു ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയതായി 1000 കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരണ പ്രഖ്യാപനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 1000 സ്‌കൂൾ കൺസ്യൂമർ ക്ലബ്ബ് എന്നത് തുടക്കത്തിൽ തന്നെ 1100-ലധികം എന്ന നേട്ടത്തിലേക്കെത്തിയത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

ഉപഭോക്താക്കളുടെ അവകാശങ്ങളേയും ഉപഭോക്തൃ നിയമങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ കൺസ്യൂമർ ക്ലബ്ബ് വഴി സാധിക്കും. ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ച് സമൂഹത്തിൽ ക്രിയാത്മക ഇടപെടലാണ് കൺസ്യൂമർ ക്ലബുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ നിയമങ്ങൾ, അവകാശങ്ങൾ എന്നിവയിൽ നിയമപരമായ ബോധവത്ക്കരണവും പരിരക്ഷയും പൊതുജനങ്ങളിൽ ഉറപ്പാക്കണം. ഇതിന്റെ ഭാഗമായാണ് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സ്‌കൂൾ കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്തൃ സംസ്‌കാരം പരിസ്ഥിതി സൗഹാർദമാകണം. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ വരും തലമുറകൾക്കും അവ ആവശ്യമാണെന്ന ചിന്ത എല്ലാവരിലുമുണ്ടാകണം. ഉപഭോക്താവിന്റെ അവകാശങ്ങളെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ വകുപ്പ് നിരന്തര ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ 1000 സ്‌കൂൾ കൺസ്യൂമർ ക്ലബുകളുടെ രൂപീകരണ പ്രഖ്യാപന പത്രിക മന്ത്രി പ്രദർശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

പരിസ്ഥിതി സംരക്ഷണം, ഉപഭോക്തൃ സംരക്ഷണം, സുസ്ഥിര ഉപഭോഗം എന്നിവ സംബന്ധിച്ച അവബോധം പൊതുജനങ്ങളിലും വിദ്യാർഥികളിലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, മാലിന്യ നിർമാർജനം ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക, ഊർജ-ജല വിഭവങ്ങൾ സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. വിവേകമുള്ള ഉപഭോക്താവ് – പ്രകൃതിയുടെ സംരക്ഷകൻ” എന്ന വിഷയത്തിൽ ഭൗമപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി സുഭാഷ്ചന്ദ്രബോസ് വിഷയാവതരണം നടത്തി. നഗരസഭ മേയർ വി.വി. രാജേഷ്, വാർഡ് കൗൺസിലർ രേഷ്മ സി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഹരികുമാർ കെ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ബിനു, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശിവദാസൻ കെ, റേഷനിംഗ് കൺട്രോളർ മോഹനകുമാർ സി.വി തുടങ്ങിയവർ പങ്കെടുത്തു.