മുട്ടത്തറയിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ അത്യാധുനിക ആർ.ഡി.എഫ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

#പ്രതിദിനം 100 ടൺ മാലിന്യം സംസ്‌കരിക്കാനാകും#


മാലിന്യം വലിച്ചെറിയുന്നതോടെ ഉത്തരവാദിത്തം അവസാനിച്ചെന്ന പൊതുജന മനോഭാവത്തിൽ മാറ്റം വരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. മാലിന്യസംസ്‌കരണം കേവലമൊരു ഫാക്ടറി പ്രവർത്തനമല്ലെന്നും, നാളെയുടെ ജീവിതത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ അത്യാധുനിക ആർ.ഡി.എഫ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യത്തെ വലിച്ചെറിയേണ്ട വസ്തുവായി കാണാതെ മൂല്യമുള്ള വിഭവമായി കാണുന്ന സംസ്‌കാരത്തിലേക്ക് നാട് മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ വളരെ വലുതാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിലേക്ക് ആഴ്ന്നിറങ്ങി കുടിവെള്ള സ്രോതസ്സുകളെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്നത് തടയാനും ഭൂമിയെ സംരക്ഷിക്കാനുമുള്ള വലിയൊരു ദൗത്യമാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലിന്യങ്ങൾ പൂർണമായും സംസ്‌കരിച്ചെടുത്ത് നാടിനെ സീറോ വേസ്റ്റ് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ച ‘നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്ലാന്റുകൾ ഉയർന്നുവരുന്നത്. ഓരോ വീട്ടിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ വേർതിരിച്ചു വെക്കാൻ പഠിക്കണം. നാടിന്റെ കാവലാളായി പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനയുടെ സേവനത്തെ പ്രശംസിച്ച മന്ത്രി, അവർക്ക് കൃത്യമായി വേർതിരിച്ച മാലിന്യങ്ങൾ കൈമാറാൻ പൊതുജനങ്ങൾ തയാറാകണമെന്നും പറഞ്ഞു.

തമിഴ്‌നാട് മാതൃകയിൽ പ്രൈവറ്റ് പബ്ലിക് പാർട്ണർഷിപ്പ് മോഡലിൽ ക്ലീൻ കേരള കമ്പനിയും ഉദയശ്രീ എന്റർപ്രൈസസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് നാല് പ്ലാന്റുകൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 500 മെട്രിക് ടണ്ണിലധികം അജൈവ മാലിന്യങ്ങൾ ഇല്ലാതാക്കാനും സിമന്റ് ഫാക്ടറികൾക്കുള്ള ഉയർന്ന ഇന്ധനമാക്കി മാറ്റാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മുട്ടത്തറയിലെ പ്ലാന്റിൽ പ്രതിദിനം 100 ടൺ മാലിന്യം സംസ്‌കരിക്കാനാകും. പ്ലാന്റിലെത്തുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി പൊടിച്ച് 50-70 എം എം കഷണങ്ങളാക്കുകയും അഡ്വാൻസ്ഡ് ബെയ്ലിങ് മെഷീനുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7-9 ടൺ മാലിന്യം 500-700 കിലോ ഭാരമുള്ള വലിയ ക്യൂബ് പാക്കുകളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ദുർഗന്ധമോ വായു-ജല മലിനീകരണമോ ഉണ്ടാകാത്ത ഈ പ്ലാന്റിൽ അത്യാധുനിക ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങളും തത്സമയ ഗുണനിലവാര പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോൾ ലാബും സജ്ജീകരിച്ചിട്ടുണ്ട്. എറണാകുളത്തത്തെ പ്ലാന്റിൽ 200 ടണും പാലക്കാടുള്ള പ്ലാന്റിൽ 100 ടണും വീതമാണ് സംസ്‌കരിക്കുന്നത്. കണ്ണൂരിൽ പുതിയ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, കൗൺസിലർമാരായ സജിന ടീച്ചർ, ശ്രുതിമോൾ, ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ. സുരേഷ് കുമാർ, ഉദയശ്രീ എന്റർപ്രൈസസ് എം.ഡി ടി. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.