*ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ജേതാക്കൾക്ക് സർക്കാരിന്റെ ആദരവ്
അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്ന മലയാളീ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കായികതാരങ്ങൾക്ക് ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കും. ഇത്തരം പ്രതിഭകൾക്ക് കേരളത്തിൽ തന്നെ ജോലി നൽകി സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡലുകൾ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ ആദരിക്കാനും ജി വി രാജാ കായിക പുരസ്‌കാരങ്ങൾ സമ്മാനിക്കാനുമായി യുവജനകാര്യ, കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്‌പോർട്‌സ് നൈറ്റ് കേരളം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് യാത്രാബത്തയും ദൈനംദിന ആനുകൂല്യങ്ങളും കൃത്യമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചെലവുകൾക്കുള്ള തുകയും സമ്മാനത്തുകയും ലഭിക്കാൻ വൈകുന്നു എന്ന പരാതികൾ പരിഹരിക്കും. സ്പോർട്സ് വകുപ്പ് മുൻകൂട്ടി അറിയിക്കുന്ന തുക പൂർണമായും തടസ്സമില്ലാതെ നൽകും. കൂടാതെ ജേഴ്സി, ഭക്ഷണം, കായിക ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള പണവും കൃത്യമായി നൽകാൻ സ്പോർട്സ് സെക്രട്ടറിക്കും കായിക മന്ത്രിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരുകാലത്തുമില്ലാത്ത തരത്തിൽ കായികമേഖലയിൽ വ്യാപകമായ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ, വോളിബോൾ ഇൻഡോർ സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ-കോളേജ് ക്യാമ്പസുകളിലും കായിക സൗകര്യങ്ങൾ വ്യാപകമാക്കും.
ലഹരിമരുന്നിനെതിരായ പ്രചാരണത്തിൽ ഏറ്റവും വലിയ മറുപടി കായികരംഗമാണ്. കായികവിനോദങ്ങൾ അച്ചടക്കവും ശാരീരിക-മാനസിക ഫിറ്റ്നസും നൽകുകയും കുട്ടികളെ ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ കായികമേഖലയ്ക്ക് അടിത്തറപാകിയ ജി വി രാജയേയും മുഖ്യമന്ത്രി പരിപാടിയിൽ അനുസ്മരിച്ചു.
സംസ്ഥാനത്തെ ഒരു കായികതാരത്തിനും നിരാശപ്പെടേണ്ടി വരില്ലെന്നും സർക്കാർ ഒപ്പമുണ്ടെന്നും കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.
2036ലെ ഒളിമ്പിക്സിൽ കേരളത്തിലേക്ക് മെഡലുകൾ കൊണ്ടുവരാൻ പ്രാപ്തിയുള്ള ടീമിനെ സജ്ജമാക്കുന്നതിനായി ആരംഭിക്കുന്ന കേരള ഒളിമ്പിക്സ് ടാലന്റ് പാത്ത് വേ പദ്ധതിയുടെ ബ്രോഷർ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡലുകൾ കരസ്ഥമാക്കി നാടിന്റെ അഭിമാനമായ കായികതാരങ്ങളെ ആദരിച്ച മുഖ്യമന്ത്രി ജി വി രാജാ പുരസ്‌കാരങ്ങളും സമ്മാനിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ, എംഎൽഎമാർ, കലാ കായിക സാംസ്കാരിക മേഖലയിലെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി. കായികതാരങ്ങൾക്കും സിനിമാതാരങ്ങൾക്കും കലാകാരന്മാർക്കും ഒരേ വേദിയിൽ ഒത്തുചേരാൻ അവസരമൊരുക്കിയ പരിപാടിയിൽ നടൻ ആന്റണി വർഗീസ് പെപ്പെ, അക്രോബാറ്റിക് ബാസ്‌കറ്റ്ബോൾ പ്രകടനങ്ങളിലൂടെ ശ്രദ്ധേയരായ ഡങ്കിങ് ഡെവിൾസ്, ഇന്ദുലേഖ വാര്യരും സംഘവും, വയലിനിസ്റ്റ് ശബരീഷ്, മെന്റലിസ്റ്റ് നബ്സൺ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
