കുളമാവ് ഇടുക്കി പി.എം.ശ്രീ ജവഹര്‍ നവോദയ വിദ്യാലയ(ജെഎന്‍വി)ത്തില്‍ എന്‍.സി.സി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കമായി. ഒക്ടോബര്‍ 21 ബുധനാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പ് ഒക്ടോബര്‍ 27ന് സമാപിക്കും.

നവോദയ വിദ്യാലയത്തില്‍ നടത്തുന്ന പതിനഞ്ചാമത് അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പാണിത്.  രാജ്യത്തെ അഞ്ച് എന്‍.സി.സി ഡയറക്ടറേറ്റുകളില്‍ നിന്നായി 510 കേഡറ്റുകള്‍ പങ്കെടുക്കുന്നു. കുളമാവ് വനമേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലായാണ് ട്രെക്കിംഗ്. 15 അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍മാരും 22 പി.ഐ. സ്റ്റാഫ് അംഗങ്ങളും നേതൃത്വം നല്‍കും.

കേരളം,ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കേരള ട്രെക്ക്-1 (ഗ്രേല്‍സ്) 2026 ക്യാമ്പിന്റെ നടത്തിപ്പ് ചുമതല 18 കേരള ബറ്റാലിയന്‍ എന്‍.സി.സി മുവാറ്റുപുഴയ്ക്കാണ്. പെണ്‍കുട്ടികളായ കേഡറ്റുകളില്‍ സാമൂഹിക മനോഭാവം, അച്ചടക്കം, നേതൃപാടവം, ആത്മവിശ്വാസം, പരസ്പര സഹവര്‍ത്തിത്വം, ദേശീയോദ്ഗ്രഥനം എന്നിവ വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ട്രെക്കിംഗ് ഉള്‍പ്പെടെയുള്ള സാഹസിക പരിശീലനങ്ങളിലൂടെ കേഡറ്റുകള്‍ക്ക് പുതിയ അനുഭവങ്ങളും കഴിവുകളും നേടാനുള്ള അവസരമാണ് ക്യാമ്പ് ഒരുക്കുന്നത്.

ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ആര്‍.ആര്‍. കാമത്ത് ക്യാമ്പ് ഡയറക്റായും കേരള ആര്‍.എസ്.ആര്‍. കൃഷ്ണന്‍ ക്യാമ്പ് കമാന്‍ഡറായും കേണല്‍ ബി. ശ്രീകുമാരന്‍ പിള്ള  ട്രെയിനിംഗ് ആന്‍ഡ് സെഫ്റ്റി ഓഫീസറായും ലെഫ്റ്റനന്റ് കേണല്‍ അജയ് കുമാര്‍ (എസ്.എം.) ഡെപ്യൂട്ടി ക്യാമ്പ് കമാന്‍ഡന്റായും ലെഫ്റ്റനന്റ് കേണല്‍മാരായ വി. സതീഷ് കുമാര്‍, വി.  ജോജി എബ്രഹാം എന്നിവര്‍ ട്രെക്ക് മാനേജര്‍മാരായും ചുമതല വഹിക്കും.
ക്യാമ്പിന്റെ ഭരണപരമായ നടത്തിപ്പു ചുമതല സുബേദാര്‍ മേജര്‍ അമിര്‍ സിംഗിനാണ്്. കേഡറ്റുകള്‍ക്കായി കലാ-കായിക മത്സരങ്ങള്‍, സെമിനാറുകള്‍, പഠന യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.