പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ.) പദ്ധതിയുടെ ഭാഗമായി ‘ഉണര്‍വ്’ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വിലാസിനി അമ്മ അധ്യക്ഷയായി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദങ്ങളെ ഫലപ്രദമായി നേരിടുന്നതിനും വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരോട് കരുതലോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.

സൈക്യാട്രിസ്റ്റ് ഡോ. ലൈല ദിവാകര്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോ മോന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രഘു പെരുമ്പുളിക്കല്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍ പ്രതിഭ കുമാരി, രെഞ്ചു എം ജോയ്, അപര്‍ണ ആര്‍ ഉത്തമന്‍, ടി സി സന്തോഷ് കുമാര്‍, ബിലേഖ രാജീവ്,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി. വിജു, ആര്‍.ജി.എസ്.എ. കോര്‍ഡിനേറ്റര്‍ വിനീത രാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.