* ഫലപ്രഖ്യാപനം മെയ് 15 ഓടെ

2027 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷ മാർച്ച് രണ്ട് മുതൽ മാർച്ച് 30 വരെ നടക്കും. മാര്ച്ച് 12, മാര്ച്ച് 30 തീയതികളിൽ ഉച്ചക്ക് 2 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ 9.30 നുമാണ് പരീക്ഷ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി, കേരള കലാമണ്ഡലം പൊതുപരീക്ഷകളും ഇതോടൊപ്പം നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

        രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി 25ന് ആരംഭിക്കും. രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി  15ന് ആരംഭിക്കും.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ 2027 ഫെബ്രുവരി 11 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി-നവംബർ 23.  20 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി- നവംബർ 25. 20 രൂപ ഫൈൻ കൂടാതെ ഓരോ ദിവസവും 5 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി-നവംബർ 27. 600 രൂപ സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി- ഡിസംബർ 2.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ  ഏകദേശം 9 ലക്ഷം വിദ്യാർത്ഥികളാണ് എഴുതുന്നത്. 2027 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ചേർത്ത് 2000 ത്തോളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 53,000 (അൻപത്തി മൂവായിരം) വിദ്യാർത്ഥികളാണ് 389 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

മൂല്യനിർണ്ണയം 2027 ഏപ്രിൽ 5ന് ആരംഭിച്ച്, മെയ് 15 ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 8 മുതൽ 17 വരെ തീയതികളിലായി നടത്തുമെന്നും മന്ത്രി അറിയിച്ചു.