ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്ഥലങ്ങളിലും സ്വീകരണം നൽകും. ഇന്നലെ(23) പുലർച്ചെ അഞ്ചു മുതൽ ഏഴു വരെ ആറ•ുള പാർഥസാരഥി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് വണങ്ങാനായി തങ്ക അങ്കി ദർശനത്തിന് വച്ചിരുന്നു.
രാവിലെ 7.18 ന് ക്ഷേത്രത്തിന് കിഴക്കേ നടയിൽ സജ്ജമാക്കിയിരുന്ന ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ പണികഴിപ്പിച്ച രഥത്തിലേക്ക് തങ്ക അങ്കി മാറ്റി. തുടർന്ന് ഭക്തജനങ്ങളുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും സായുധ പൊലീസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കര ദാസ്, എൻ. വിജയകുമാർ, ദേവസ്വം കമ്മീഷണർ എൻ.വാസു, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്നലെ(23) രാവിലെ ഏഴിന് ആറന്മുള കിഴക്കേ നടയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മൂർത്തിട്ട, പുന്നംതോട്ടം, ചവുട്ടുകുളം, തിരുവഞ്ചംകാവ് വഴി 8.30 ന് തേവലശേരി ദേവീക്ഷേത്രത്തിലെത്തി. 9.30 ന്് പുറപ്പെട്ട് കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം കാരംവേലി, ഇലന്തൂർ ഭഗവതിക്കുന്ന്, ഗണപതിക്ഷേത്രം വഴി നാരായണമംഗലം ശാസ്ത്രാ ക്ഷേത്രത്തിലെത്തി. ഇവിടുത്തെ ഉച്ചഭക്ഷണത്തിന് ശേഷം അയത്തിൽ, മെഴുവേലി, ഇലവുംതിട്ട, മുട്ടത്തുകോണം, കൈതവന, പ്രക്കാനം, ചീക്കനാൽ, ഊപ്പമൺ വഴി രാത്രി എട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി ഒന്നാം ദിവസത്തെ യാത്ര പൂർത്തിയാക്കി.
24 ന് പത്തനംതിട്ട, കടമ്മനിട്ട, കോട്ടപ്പാറ, മേക്കൊഴൂർ, മൈലപ്ര, കുമ്പഴ, പുളിമുക്ക്, വെട്ടൂർ, ഇളകൊള്ളൂർ, ചിറ്റൂർമുക്ക്, കോന്നി വഴി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി രാത്രി തങ്ങും. 25ന് അട്ടച്ചാക്കൽ, വെട്ടൂർ, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, റാന്നി, ഇടക്കുളം, വടശേരിക്കര, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിലും എത്തും. 26 ന് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്ക്ക് ഒന്നിന് പമ്പയിൽ എത്തും. ഉച്ചകഴിഞ്ഞു മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശരംകുത്തിയിൽ എത്തും. ഇവിടെ നിന്നും ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. വൈകിട്ട് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 27 ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും.
തങ്കഅങ്കി സ്‌പെഷൽ ഓഫീസർ എസ്. അജിത് കുമാർ, ആറ•ുള ദേവസ്വം അക്കൗണ്ടന്റ് വി. അരുൺകുമാർ, സബ് ഗ്രൂപ്പ് ഓഫീസർമാരായ വി. കൃഷ്ണയ്യർ, രാധാകൃഷ്ണൻ എന്നവർ ഉൾപ്പെടുന്ന 25 അംഗ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തങ്കഅങ്കി രഥഘോഷയാത്ര. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 70 അംഗ പോലീസ് സംഘത്തിനാണ് തങ്കഅങ്കി രഥഘോഷയാത്രയുടെ സുരക്ഷാ ചുമതല.