കൊച്ചി: സോളിഡ് ബ്രിക്സ് നിർമ്മാണ യൂണിറ്റിലൂടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്തി തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിനു കീഴിൽ മറ്റക്കുഴി വെണ്ണിത്തെരിപ്പ് അങ്കണവാടിക്ക് സമീപമാണ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി ഉൾപ്പെടുത്തിയുള്ള വീട് നിർമാണം, ടോയ്ലറ്റ് നിർമാണം, കിണർ നിർമ്മാണം, പഞ്ചായത്തിൻറെ പൊതുവായ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം സൗജന്യ നിരക്കിൽ സിമൻറ് കട്ടകൾ ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പഞ്ചായത്തിന് കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അഞ്ച് ലക്ഷമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഇതുപയോഗിച്ചാണ് നിർമാണ യൂണിറ്റിന് താൽക്കാലിക ഷെഡ്, യന്ത്രോപകരണങ്ങൾ, വൈദ്യുതി ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും പത്ത് തൊഴിലാളാണ് ഒരു ദിവസം നിർമ്മാണ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള നൂറ് തൊഴിൽ ദിനങ്ങൾക്ക് ശേഷം അടുത്ത തൊഴിലാളികളെ നിയമിക്കും. 150 കട്ടകളാണ് ഒരുദിവസം നിർമ്മിക്കേണ്ടത്. ഒരു തൊഴിലാളി ഒരു ദിവസം 15 കട്ടകൾ നിർമ്മിക്കണം. ആദ്യഘട്ടത്തിൽ 8200 കട്ടകളാണ് നിർമ്മിക്കുന്നത്. കട്ട നിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികൾ എത്തിക്കുന്നത് പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലാണ്. പദ്ധതി വിജയമാക്കുന്നതിൽ അനുസരിച്ച് കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കും.

നിർമ്മാണ യൂണിറ്റ് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ സി പൗലോസ് ഉദ്ഘാടനം ചെയ്തു. വികസന ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഇല്ലക്കപ്പറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അജിത് മണി, ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസ് ഷൈൻമോൻ ജോസഫ്, ജോയിന്റ് ബി ഡി ഒ ശശി കുമാർ, വാർഡ് മെമ്പർമാരായ അജി കൊട്ടാരത്തിൽ, ഓമന രാമചന്ദ്രൻ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥൻ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സോളിഡ് ബ്രിക്സ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ സി പൗലോസ് ഉദ്ഘാടനം നിർവഹിക്കുന്നു.