കൊച്ചി: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 70-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. നിലവിലെ പഞ്ചായത്തിന്റെ മുന്‍ഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ പഞ്ചായത്ത് മന്ദിരം നിര്‍മിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരുടെ മുറി, ഫ്രണ്ട് ഓഫീസ്, മെമ്പര്‍മാരുടെ മുറി, റെക്കോഡ് റൂം എന്നിവ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷമാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് പുതിയ മന്ദിര നിര്‍മ്മാണം ആരംഭിക്കും. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജനുവരി 14 ന് എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കും.
