സംസ്ഥാന സർക്കാരിന്റെ 2016-17ലെ ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം ഐഎംജിയിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവികാസങ്ങളുടെ കാലത്ത് ഗവേഷണത്തിന്റെയും വികസിപ്പിക്കലിന്റെയും രംഗത്ത് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎംജി ഡയറക്ടർ കെ.ജയകുമാർ അധ്യക്ഷനായി. ഐടി വകുപ്പ് ഡയറക്ടർ എം.ശിവശങ്കർ, ഐടി മിഷൻ ഡയറക്ടർ ഡോ. ചിത്ര, ഇ-ഗവേണൻസ് ജൂറി അംഗം ആനന്ദ് പാർഥസാരഥി തുടങ്ങിയവർ സംസാരിച്ചു. ജൂറി മെമ്പർ കൺവീനർ ഡോ.എസ്. സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ-ഗവേണൻസ് ഇൻ കേരള: സയൻസ് ആൻഡ് ഇന്നൊവേഷൻ എന്ന പുസ്തകം ചീഫ് സെക്രട്ടറി ഡോ. ഐടി മിഷൻ ഡയറക്ടർ ഡോ.ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു. ആനന്ദ് പാർഥസാരഥിക്ക് ചീഫ് സെക്രട്ടറി മെമന്റോയും നൽകി.
എട്ടു വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്തത്. ഇ-സർവ്വീസ് ഡലിവറി വിഭാഗത്തിൽ ദേശീയ ആരോഗ്യമിഷന്റെ കേരള ഘടകമാണ് ഒന്നാം സമ്മാനം നേടിയത്. ആരോഗ്യമിഷൻ ഡയറക്ടർ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങി. വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ‘ഹൃദയം ഫോർ ലിറ്റിൽ ഹാർട്ട്സ്’ എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയതാണു അവാർഡ്. മലബാർ കാൻസർ സെന്ററിന്റെ ഇലക്ട്രോണിക്സ്-സാന്ത്വന ചികിത്സാപദ്ധതിക്കാണു രണ്ടാം സ്ഥാനം. ഇ-പ്രോജക്ടിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഏറ്റവും വേഗത്തിൽ ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയ കോട്ടയം ജില്ലാഭരണകൂടത്തിനാണു മൂന്നാം സ്ഥാനം.
എം-ഗവേണൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലാ ഭരണകൂടം നേടി. ഇ-ലേണിംഗ് വിഭാഗത്തിൽ കേരള പോലീസ് അക്കാദമി തൃശ്ശൂർ ഒന്നാം സ്ഥാനവും, കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ രണ്ടാം സ്ഥാനവും കില തൃശ്ശൂർ മൂന്നാം സ്ഥാനവും നേടി. കമ്പ്യൂട്ടർ ഉപയോഗത്തിന് മലയാളം വ്യാപകമാക്കിയതിനാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കേരള സർവ്വകലാശാലയ്ക്കാണ് ഏറ്റവും നല്ല വെബ്സൈറ്റിനുള്ള ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ഫാം ഇൻഫർമേഷൻ ബ്യൂറോയും വനം വന്യജീവി വകുപ്പും പങ്കിട്ടു. മൂന്നാം സ്ഥാനം കണ്ണൂർ ജില്ലാഭരണകൂടത്തിനാണ്.
മികച്ച അക്ഷയകേന്ദ്രങ്ങളിൽ ഒന്നാമതെത്തിയത് അക്ഷയ പത്തനംതിട്ടയും, അക്ഷയ, പടപ്പ്, കാസർഗോഡുമാണ്. രണ്ടാം സ്ഥാനം ലഭിച്ചത് അക്ഷയ, കൊറോം, വയനാടിനും അക്ഷയകേന്ദ്രം കല്ലമ്പലത്തിനുമാണ്. അക്ഷയകേന്ദ്രം പുഷ്പ ജംഗ്ഷൻ, കോഴിക്കോടും അക്ഷയ, പഴയണ്ണൂർ, തൃശ്ശൂരും മൂന്നാം സ്ഥാനം പങ്കിട്ടു.
സാമൂഹികമാദ്ധ്യമവും ഇ-ഗവേണൻസും എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം തൃശ്ശൂർ ജില്ലാ റൂറൽ പോലീസിനാണ്. രണ്ടാം സ്ഥാനം മലബാർ കാൻസർ സെന്ററിനും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലാ ഭരണകൂടത്തിനും ലഭിച്ചു.
ഏറ്റവും മികച്ച ഇ-ഗവേണൻസ് ജില്ലയായും കണ്ണൂർ ജില്ലയെ തിരഞ്ഞെടുത്തു.