* മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർശനനടപടിയെടുക്കും
* പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും
        സംസ്ഥാനത്ത് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 745 പേരെ അറസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ടോംജോസ് നിർദേശം നൽകി. 628 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
       സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ഹർത്താലിലെത്തുടർന്നുണ്ടായ അക്രമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കുനേരെയും പോലീസ് വാഹനങ്ങളും, കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടെയുള്ള പൊതുമുതലിനുനേരെയും വ്യാപകമായ ആക്രമണമുണ്ടായി.
       തിരുവനന്തപുരത്ത് നാലും കൊല്ലത്ത് ഏഴും എറണാകുളത്ത് ഒന്നും തൃശൂരിൽ രണ്ടും പാലക്കാട്ട് മൂന്നും കോഴിക്കോട്ട് 16 ഉം കണ്ണൂരിൽ ഒന്നും ഉൾപ്പെടെ 34 പോലീസുകാർക്ക് നേരെ ആക്രമണമുണ്ടായി.
       ഒരു ബസും എട്ടു ജീപ്പും ഉൾപ്പെടെ എട്ടു പോലീസ് വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. 33 കെ.എസ്.ആർ.ടി.സി ബസുകളാണ് തകർത്തത്. മാവേലിക്കര താലൂക്ക് ഓഫീസ്, ഷൊർണൂർ ബിവറേജ് ഷോപ്പ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
       കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണമുണ്ടായി. അക്രമികളെ ലാത്തിവീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പോലീസ് പിരിച്ചുവിട്ടത്. പാലക്കാട് ടൗണിലും സംഘർഷാവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരത്ത് മലയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിലും തൃശൂർ വാടാനപ്പള്ളിയിലും, കണ്ണൂരിലെ തലശ്ശേരിയിലും, കാസർകോട്ടും സംഘർഷാവസ്ഥയുണ്ടായി.
       നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അപലപനീയമാണ്. അക്രമികളെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിനും പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയത്.