ഈ മാസം 26ന് സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ ജില്ലയിലെ സ്‌കൂളുകള്‍ മികച്ച പങ്കാളിത്തം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ.സുധീര്‍ബാബു പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി അറിയിക്കുന്ന സ്‌കൂളുകള്‍ക്ക് മികവുറ്റ രീതിയില്‍ ബാന്‍ഡ് വാദ്യവും കലാ-സാംസ്‌ക്കാരിക പരിപാടികളും നടത്താന്‍ അവസരം നല്‍കും. മസ്സൂറി സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ 20 ഐ.എ.എസ് ട്രെയിനികള്‍ ആഘോഷ ചടങ്ങില്‍ സംബന്ധിക്കും. വിവിധ സേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണി നിരക്കും. ജനുവരി 22, 23 തീയതികളില്‍ വൈകിട്ട് മൂന്നിന് പരേഡ് റിഹേഴ്‌സലും 24ന് രാവിലെ 7.30 ന് ഡ്രെസ് റിഹേഴ്‌സലും നടത്തും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ജില്ലാ സപ്ലൈ ഓഫീസ് ക്രമീകരണങ്ങള്‍ ഒരുക്കും. കുട്ടികള്‍ക്കുളള വാഹന സൗകര്യം ആര്‍.ടി.ഒ ഏര്‍പ്പെടുത്തും. ആഘോഷ പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം.അലക്‌സ് ജോസഫ്, സബ്ബ് കളക്ടര്‍ ഈശ പ്രിയ എന്നിവര്‍ സംസാരിച്ചു.
