*ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
വ്യക്തിബന്ധങ്ങളിൽ  ഐഡന്റിറ്റിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഹ്രസ്വചിത്രം ‘ഐ.ഡി കാർഡ്’ ഇനി റയിൽവേ പ്‌ളാറ്റ്‌ഫോമുകളിലെ സ്‌ക്രീനുകളിൽ കാണാം. സ്ത്രീ സുരക്ഷ മുൻനിർത്തി തയ്യാറാക്കിയ ബോധവൽകരണ ഹ്രസ്വചിത്രമായ ഐ.ഡി. കാർഡ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ തിരുവനന്തപുരം റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. രാജേഷ്ചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷനും ഇന്ത്യൻ റെയിൽവേയും സംയുക്തമായി നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റെയിൽവേ ജീവനക്കാരനായ കിഷോർ ആണ്. വ്യക്തികളുടെ ഐഡന്റിറ്റി മനസ്സിലാക്കാതെ മൊബൈൽ ഫോണിലൂടെയുള്ള പരിചയം കൊണ്ടുമാത്രം പെൺകുട്ടികൾ ജീവിതം തെരഞ്ഞെടുക്കുന്നതും വൃദ്ധരായ സ്ത്രീകളോടുള്ള യുവാക്കളുടെ മോശം പെരുമാറ്റവും, അലക്ഷ്യമായ ഡ്രൈവിങ്ങും അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.  സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്ക് ഐഡന്റിറ്റി കാർഡ് കരുതണമെന്ന മുന്നറിയിപ്പുമായാണ് ചിത്രം പൂർണ്ണമാകുന്നത്.  റെയിൽവേ പ്‌ളാറ്റ്‌ഫോമുകളിലെ സ്‌ക്രീനുകളിൽ ഇന്ന് മുതൽ ചിത്രം പ്രദർശിപ്പിക്കും.
സ്ത്രീ സുരക്ഷ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യാത്രവേളകളിൽ സത്രീകൾക്ക് നേരെയുണ്ടാകുന്ന കടന്നാക്രമങ്ങൾ ഇല്ലാതാകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ പറഞ്ഞു. സ്ത്രീകൾ എവിടെയും സുരക്ഷിതരായിരിക്കണമെന്ന് സമൂഹത്തിന് നൽകുന്ന ജാഗ്രതയാണ് ഈ ഹ്രസ്വചിത്രമെന്നും അവർ പറഞ്ഞു. ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ ഡോ. ഷാഹിദ കമാൽ, ഇ. എം. രാധ, അഡ്വ. എം. എസ്. താര, അഡ്വ. ഷിജി ശിവജി, പി. ഉഷാറാണി, റെയിൽവേ ചീഫ്  റിസർവേഷൻ സൂപ്പർവൈസർ പത്മിനി തോമസ്, സ്‌റ്റേഷൻ മാനേജർ  ആർ. സജിത്, ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.