കണ്ണൂരിൽ നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപക അവാർഡ് ജേതാക്കളെയും ആദരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമാദരം-2019 എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. അംഗീകാരപത്രവും പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ പി. റഹീം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സാമൂഹ്യശാസ്ത്ര കൗൺസിൽ സെക്രട്ടറി വിനോദ്കുമാർ പുഷ്പത്തൂർ, ജോയിന്റ് സെക്രട്ടറി എം.ടി. ബിജു, മുൻ സംസ്ഥാന സെക്രട്ടറി സി.കെ. പവിത്രൻ, വയനാട് ഡയറ്റ് സീനിയർ ലക്ചറർ മനോജ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചാർജ് വഹിക്കുന്ന സുരേഷ്, ഷംല തൃശ്ശിലേരി തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിൽ ജേതാക്കളായ 36 വിദ്യാർഥികളെയും ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ. ഹൈദ്രോസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ജോസ് കണ്ടത്തിൽ, സുനിൽ ജോൺ എന്നിവരെയുമാണ് ആദരിച്ചത്. ജില്ലാ സാമൂഹ്യശാസ്ത്ര കൗൺസിൽ, ജില്ലാ സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.