പ്രളയത്തിൽ നഷ്ടപെട്ട വിലപ്പെട്ട പല ചരിത്ര രേഖകളും കണ്ടെടുക്കുന്നതിനും സമയോചിതമായി  അവ പുനർസൃഷ്ടിച്ച് സംരക്ഷിക്കുന്നതിനും സാധിച്ചത് നേട്ടമാണെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. തിരുവനന്തപുരം ശ്രീപാദം കൊട്ടാരത്തിൽ  ക്യുറേറ്റേറിയൽ അസിസ്റ്റന്റ്‌സിനും ഇൻഫർമേഷൻ അസിസ്റ്റന്റുമാർക്കുമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ  ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് കൂടുതൽ ജനകീയവൽക്കരിക്കുന്നതിനും സാംസ്‌കാരിക ജീവിതത്തിലെ ഒരു ഘടകമായി വകുപ്പ് നടത്തുന്ന പ്രവർത്തങ്ങൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരം പരിശീലങ്ങൾ ഗുണം ചെയ്യുമെന്ന്   മന്ത്രി  പറഞ്ഞു. അമൂല്യ ചരിത്ര സൂക്ഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ  ജനങ്ങളിലെത്തിക്കുന്നതിന് പരിശീലനത്തിലൂടെ നേടുന്ന അറിവുകൾ പ്രയോജനപ്പെടുത്താൻ കഴിയും.  പുരാവസ്തുവകുപ്പിന്റെ  കിഴക്കേകോട്ടയിലുള്ള ഇൻഫർമേഷൻ ഓഫീസിന്റെ തുടർച്ചയായി  മറ്റു ജില്ലകളിലും ഇൻഫർമേഷൻ ഓഫീസുകൾ തുറക്കും. പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിച്ച് വകുപ്പ് നടത്തുന്ന സേവനങ്ങൾ ജനകീയമാക്കുകയാണ് ലക്ഷ്യം. പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, വാസ്തുവിദ്യാ ഗുരുകുലം ടി.കെ കരുണദാസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത, സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.ആർ സോന, നെടുമങ്ങാട് കൊട്ടാരം ക്യുറേറ്റർ ആർ. രാജേഷ്‌കുമാരൻ,  കൊട്ടാരം ചാർജ് ഓഫീസർ അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.