അനാഥരായ കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഈ ബാധ്യതയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നതെന്നും സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശിശുക്ഷേമ സമിതിയുടെ ശിശു സംരക്ഷണ കേന്ദ്രം തണല്‍ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഐമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വീണാ ജോര്‍ജ് എം എല്‍എയുടെ നേതൃത്വത്തില്‍ ആറന്മുള മണ്ഡലത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. നിയമസഭ സാമാജികയെന്ന  നിലയിലുള്ള വീണാജോര്‍ജ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അനുമോദിച്ചു.
സംസ്ഥാനത്തെ ശിശു സൗഹൃദമാക്കുക എന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനുവേണ്ടി  ശിശുക്ഷേമ സമിതി ഒട്ടനവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പലകാരണങ്ങളാല്‍ അനാഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതിനും ദത്തു നല്‍കി അവരെ സനാഥരാക്കുന്നതിനും വേണ്ടി ജില്ലയില്‍ ആരംഭിച്ചതാണ് തണല്‍- കുട്ടികളുടെ അഭയകേന്ദ്രം. ഒന്‍പത് മാസം മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള 13 കുട്ടികളാണ്  ഇവിടെയുള്ളത്. ഇവരെ പരിപാലിക്കുന്നതിനായി അഞ്ച് അമ്മമാരും, രണ്ടു നഴ്‌സുമാരുമുണ്ട്. മാനേജര്‍, രണ്ട് സെക്യൂരിറ്റി സ്റ്റാഫ് എന്നിവരും തണല്‍ അഭയ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 1517 എന്ന നമ്പറില്‍ കുട്ടികളുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങള്‍ വിളിച്ചറിയിച്ചു  പരിഹാരം കണ്ടെത്താനും കഴിയുന്നുണ്ട്. സമിതിയുടെ കീഴില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അമ്മത്തൊട്ടിലുകള്‍ പുത്തന്‍ സാങ്കേതിക മികവോടെ മാറ്റങ്ങള്‍ വരുത്തി പുനര്‍നിര്‍മിക്കുകയാണ്. ദത്തെടുക്കല്‍ രംഗത്ത് ഹോസ്റ്റല്‍ കെയര്‍, സ്‌പോണ്‍സര്‍ എ ചൈല്‍ഡ് എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും നടന്നുവരുന്നു. അമ്മത്തൊട്ടില്‍ ആധുനികവത്കരിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ആറു ലക്ഷം രൂപ അനുവദിച്ചു.
 വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയന്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി. ദീപക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ലീല മോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ട്രഷറര്‍ ജി.രാധകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. കെ പശുപതി, ഒ.എം ബാലകൃഷ്ണന്‍, ആര്‍.രാജു, ഓമല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അഭിലാഷ്,  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് പ്രൊഫ. മോഹന്‍കുമാര്‍, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. ടി.കെ.ജി നായര്‍, എ.കെ ശ്രീകുമാര്‍, സരസമ്മ നടരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.