കാസര്‍കോട് : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്ത്. 2018-2019 വര്‍ഷത്തില്‍ ജൈവ കൃഷിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാല്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തിനെയാണ് മികച്ച ജൈവ ഗ്രാമപഞ്ചായത്തായി കൃഷിവകുപ്പ് തെരഞ്ഞടുത്തത്. ഈ കാലയളവില്‍ ജൈവരീതിയില്‍ 124 ടണ്‍ നെല്ലാണ് പഞ്ചായത്തില്‍ ഉത്പാദിപ്പിച്ചത്. ഇതിന് പുറമെ 424 ടണ്‍ പച്ചക്കറികളും ഉത്പാദിപ്പിച്ചു. പച്ചക്കറി കൃഷിയില്‍ രണ്ടാംഘട്ട വിളവെടുപ്പ് തുടങ്ങി. ഈ വിളവെടുപ്പില്‍ 200 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പഞ്ചായത്തില്‍ ജൈവകൃഷി വ്യാപനത്തിനായി കൃഷി ഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഒട്ടേറെ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 90 ശതമാനം കര്‍ഷകരും രാസകീടനാശിനി ഒഴിവാക്കി ജൈവകാര്‍ഷിക രീതികളാണ് അവലംബിച്ചിട്ടുള്ളത്. ഈ ഉദ്യമത്തിന് കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി കൃഷിഭവനും ഒപ്പം നിന്നു. ജൈവകൃഷി എന്നതിലുപരി വിഷമയ പച്ചക്കറികളില്‍ നിന്നും മോചനമൊരുക്കി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി എന്നത് ഇവരുടെഎടുത്ത് പറയേണ്ട നേട്ടമാണ് .
പ്രധാന വെല്ലുവിളിയായ കീടബാധ പ്രതിരോധിക്കാന്‍ പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണം, ജൈവീക കീടനിയന്ത്രണം തുടങ്ങിയവയില്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും മാതൃകാതോട്ടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തത് പഞ്ചായത്തിന് മറ്റൊരു പൊന്‍തൂവല്‍ ആണ്. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്റര്‍ മുഖേന ഫിഷ് അമിനോ ആസിഡ് , ഹരിതകഷായം, തുടങ്ങിയ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി ഇക്കോഷോപ്പ് മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കൊണ്ടായിരുന്നു പഞ്ചായത്തിന്റെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്ക് പഞ്ചായത്തിലെ ഓരോവാര്‍ഡിലും പച്ചക്കറി ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കീടരോഗ നിയന്ത്രണത്തിനും ജൈവ കീടനാശിനികള്‍ തയ്യാറാക്കുന്നതിനും ജൈവവളകൂട്ടുകള്‍ തയ്യാറാക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനവും നല്‍കിയിരുന്നു. കീഴ്മാല, അണ്ടോള്‍ എന്നീ പാടശേഖരത്തിലെ കര്‍ഷകര്‍ ജമന്തി (മല്ലിക) രാമച്ചം എന്നിവ നട്ടുകൊണ്ട് തണ്ടുതുരപ്പനെതിരെ നിയന്ത്രണം സാധ്യമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കീടനാശിനി പ്രയോഗം ഇല്ലാതെ തന്നെ 20 മുതല്‍ 30 ശതമാനം വരെ ഉത്പാദന വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സാധിച്ചതായി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിയിടങ്ങള്‍ തരിശ് രഹിതമാക്കുന്നതിന് ആരംഭിച്ച ഹരിത ഭവനം പദ്ധതിയും ജൈവ കൃഷിക്ക് ഗുണപ്രദമായി
പുരയിടങ്ങളില്‍ ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് കൃഷിക്കാവശ്യമായ ജൈവവളവും ഉത്പാദിപ്പിച്ചു. പൈപ്പ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, റൂറല്‍ കമ്പോസ്റ്റ് എന്നിവ വഴി 480 ടണ്‍ വളം ഉത്്പാദിപ്പിച്ച് കൃഷിക്ക് ഉപയോഗിച്ചു. ജൈവരീതിയില്‍ നെല്ല്, വാഴ, ചീര, പയര്‍, വഴുതിനി, പടവലം, തക്കാളി, മത്തന്‍, മുരിങ്ങ, തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രേരിപ്പിച്ചു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുളള ഇക്കോഷോപ്പ് മുഖേന ജൈവകീടനാശിനികള്‍, ജൈവവളക്കൂട്ടുകള്‍, മറ്റ് ജൈവ ഉത്പാദനോപാധികള്‍, പ്രമുഖ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന വിത്തുകള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുത്തു കൊണ്ടാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷ ഗ്രൂപ്പ് നെല്ല് സംഭരിച്ച് അരിയാക്കി പായ്ക്ക് ചെയ്ത് ഇക്കോഷോപ്പിലൂടെയാണ് വിപണനം ചെയ്യും.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പച്ചില വളങ്ങള്‍ അത്യാവശ്യമായതിനാല്‍ കൃഷിയിടങ്ങളുടെ അതിരുകളില്‍ ശീമക്കൊന്ന, മരുത്, തുടങ്ങിയ പച്ചിലവള സസ്യങ്ങള്‍ ധാരാളമായി വച്ചുപിടിപ്പിച്ചു. ജൈവകൃഷിയിലേക്ക് മാറുന്നതിന്റെ ഭാഗമായി കന്നുകാലികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും പഞ്ചായത്ത് മൃഗ സംരക്ഷണമേഖലയിലും കൈയൊപ്പ് ചാര്‍ത്തിയതിന്റെ സൂചനയാണ്. വരും വര്‍ഷങ്ങളില്‍ ജൈവ കൃഷിയില്‍ പത്തിരട്ടി ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകരും പഞ്ചായത്ത് അധികൃതരും.
