കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തപ്പോള്‍ ദുരിതത്തിലായത് നിരവധി ജീവിതങ്ങളായിരുന്നു. നിറം മങ്ങിയ ജീവിത പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വളരെയേറെ പ്രതിസന്ധികളെയായിരുന്നു നേരിടേണ്ടി വന്നത്. എന്‍ഡോസള്‍ഫാന്‍ തല്ലിക്കെടുത്തിയ പ്രകാശത്തിന് മുന്നില്‍ പതറാതെ ഉള്‍ക്കാഴ്ചയുടെ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ അതിജീവനമന്ത്രം സ്വീകരിച്ച് വിദ്യയുടെ വെളിച്ചം തേടുന്ന എന്‍മകജെയിലെ സഹോദരങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നത് പ്രചോദന കഥയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റവും തീക്ഷ്ണമായി ബാധിച്ച എന്‍മകജെ പഞ്ചായത്തില്‍ നിന്നാണ് സഹോദരങ്ങളായ ദേവീ കിരണും, ജീവന്‍ കിരണും അറിവിന്റെ വെളിച്ചത്തിനായി കാസര്‍കോട് നഗരത്തിലെത്തുന്നത്. ജന്മനാ കാഴ്ചയില്ലാത്ത ഈ സഹോദരങ്ങള്‍ക്ക് അന്ധത ഒരിക്കലും പഠനത്തിനു തടസമായിരുന്നില്ല. സര്‍ക്കാരിന്റെ ദുരിതബാധിത പട്ടികയില്‍ ഉള്‍പെട്ട ഇവര്‍ക്ക് മാസം തോറും ലഭിക്കുന്ന പെന്‍ഷനും മറ്റു സഹായധനങ്ങളും പ്രയോജനപ്പെടുത്തിയാണ് പ്രതിസന്ധികള്‍ക്കിടയിലും വിദ്യ നേടുന്നത്.
കാസര്‍കോട് ഗവ. കോളേജില്‍ ബി.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദേവീകിരണ്‍ നല്ലൊരു കലാകാരന്‍ കൂടിയാണ്. നാട്ടിലെ കലാപരിപാടികളില്‍ ദേവീകിരണിന്റെ ഗാനങ്ങള്‍ക്ക് ആരാധകര്‍ കൂടുതലാണ്. സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ സംസ്ഥാനതലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അന്ധതയെ തോല്‍പ്പിച്ച് കഠിനപ്രയത്‌നത്തിലൂടെ നന്നായി കീബോര്‍ഡ് വായിക്കാനും ഈ ഇരുപത്തിരണ്ടുകാരന്‍ പഠിച്ചിട്ടുണ്ട്. ഈ കലാകാരനില്‍ ഒളിഞ്ഞിരിപ്പുള്ള കഴിവുകള്‍ പുറത്തെടുക്കുന്നതിനായി പ്രയത്‌നിച്ച അധ്യാപികയും നിലവില്‍ പഡ്രെ ജിഎച്ച്എസ്എസ് പ്രിന്‍സിപ്പലുമായ ഗീത ജി. തോപ്പില്‍ പറയുന്നത് ദേവീകിരണ്‍ നല്ലൊരു നടനും കൂടിയാണെന്നാണ്. വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാവിധ സഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും ഈ മിടുക്കന് ലഭ്യമാക്കാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യത്തോടെയാണ് ഗീത ടീച്ചര്‍ മനസില്‍ സൂക്ഷിക്കുന്നത്.
സഹോദരന്‍ ജീവന്‍രാജ് നിലവില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മിമിക്രി കലാകാരനായ ജീവന്‍രാജ് യുവജനോല്‍സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ജേഷ്ഠ്യന്റെ വഴിയേ ജീവനും തന്റെ കാഴ്ചയില്ലായ്മയെ ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ തരണം ചെയ്ത് വിദ്യയുടെ വെളിച്ചം നേടാനുള്ള പ്രയത്‌നത്തിലാണ്. എസ്.സി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് ഈ സഹോദരങ്ങള്‍ താമസിക്കുന്നത്. കൂലിപ്പണി ചെയ്യുന്ന പിതാവ് ഈശ്വര നായ്ക്കും മാതാവ് പുഷ്പലതയും എന്‍മകജെ ഏത്തടുക്കയിലെ കൊച്ചുവീട്ടിലിരുന്നു എല്ലാവിധ പിന്തുണയും നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ഇച്ഛാശക്തിയോടെ അതിജീവിച്ച് സര്‍ക്കാര്‍ പിന്തുണയില്‍ പുതിയ പ്രതീക്ഷകളുമായി തളരാതെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു കുടുംബം അതിജീവന കഥകളിലെ മികച്ച മാതൃകയാണ് നമുക്ക് പറഞ്ഞു തരുന്നത്.
