കൊച്ചി: തനത് കരകൗശല കൈത്തറി ഉത്പന്നങ്ങളുടെ സംഗമ കേന്ദ്രമായി എറണാകുളത്തപ്പൻ ഗ്രൗണ്ട്. കരകൗശല വികസന കോര്‍പ്പറേഷനും
കേന്ദ്ര ഗവണ്‍മെന്റിന്റെ വസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഡെവലപ്‌മെന്റ് കമ്മീഷണറും (ഹാൻഡി ക്രാഫ്റ്റ് ) സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല കൈത്തറി പ്രദർശന വിപണനമേള കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന കരകൗശലവസ്തുക്കളുടെ നാടാണ് കേരളം. പട്ട്, പരുത്തി വസ്ത്ര നിർമാണത്തിലും, കൊത്തുപണി, ലോഹ നിർമ്മാണം എന്നിവയിലെല്ലാം കേരളം മുന്നിലാണ്, വിജ്ഞാനികൾ ആണ് കേരളത്തിലെ കരകൗശല വിദഗ്ധർ. കേരളത്തിലെ കരകൗശല കൈത്തറി മേഖല പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരമൊരു കല അന്യമായാൽ സഹസ്രാബ്ദങ്ങളോളം കൈമാറിവന്ന പാരമ്പര്യം തന്നെ നഷ്ടമാകുമെന്ന് പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പൈതൃകവും നിലനിര്‍ത്തുന്ന കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടാണ് പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നത്. കരകൗശല ഉല്‍പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള്‍ തടിയിലും തീര്‍ത്ത വിവിധതരം ശില്പങ്ങള്‍ ,പിച്ചളയിലും ഓടിലും ഉള്ള ഗൃഹാലങ്കാര വസ്തുക്കള്‍ അതിപുരാതന കാലം മുതലുള്ള നെട്ടൂര്‍ പെട്ടി, ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുളകണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളായ ശാന്തിനികേതന്‍ ബാഗുകള്‍ , ഘോഷയാര്‍ ലൈസ് വര്‍ക്കുകള്‍ കോല്‍ഹപുരി ചെരുപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത മിഡി ടോപ്പ്, മധുര സാരികള്‍ ഹൈദരാബാദ് സാരികള്‍ ലക്‌നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജൂട്ട്, കേരളത്തിലെ മണ്‍പാത്ര ഉല്‍പന്നങ്ങള്‍, മുത്ത് ,പവിഴം, മരതകം, മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, കണ്ണൂര്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ചാരുതയാര്‍ന്ന കരകൗശലവസ്തുക്കള്‍ മേളയിലുണ്ട്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ആണ് മേളയിൽ വില്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 8 മണിവരെയാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന കരകൗശല കൈത്തറി പ്രദർശന വിപണനമേള ഈമാസം 20ന് സമാപിക്കും.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, കരകൗശല വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മനോജ്, ഡെവലപ്മെൻറ് ആൻഡ് ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഉദ്യോഗസ്ഥൻ ലെനിൻ രാജ്, കൈരളി മാനേജർ എൻ എൻ സജീവ് എന്നിവർ സംസാരിച്ചു.