* മന്ത്രി കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന വനിത ശിശുവികസന വകുപ്പിനു കീഴിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായുള്ള  ചിൽഡ്രൻസ് ഫെസ്റ്റ് ‘വർണച്ചിറകുകൾ 2019’ ന് ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം വനിതാശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ ചിൽഡ്രൻസ് ഹോമുകളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കുട്ടികൾക്ക് പഠിക്കാനും ജോലി നേടാനുമുള്ള എല്ലാ അവസരങ്ങളും നൽകാൻ സർക്കാർ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു.  മികച്ച ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം കോട്ടയത്തെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിനും മായിത്തറ പെൺകുട്ടികളുടെ ചിൽഡ്രൻഹോമിനും സമ്മാനിച്ചു. പോറ്റിവളർത്തൽ പദ്ധതിയുടെ പ്രചാരണാർത്ഥം  നിർമ്മിച്ച ആ താരകം, പോക്‌സോ നിയമം സംബന്ധിച്ച അസ്തമയം, ആ ദിവസം എന്നീ ഹ്രസ്വചിത്രങ്ങളുടെ സി. ഡി. പ്രകാശനവും നടന്നു. സംവിധായകൻ സൂര്യ സജിക്ക് മന്ത്രി ഉപഹാരം നൽകി. തിരുവനന്തപുരം സർസാസ് എന്ന സംഘടന ബാലനിധി പദ്ധതിയിലേക്ക് അഞ്ചരലക്ഷം രൂപ സംഭാവന നൽകി.
ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ്, വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ഷീബജോർജ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കുമാരി ലതിക എം. എസ് എന്നിവർ സംസാരിച്ചു. ചിൽഡ്രൻസ് ഫെസ്റ്റ് ഫെബ്രുവരി മൂന്നിന് അവസാനിക്കും. 20 മത്സര ഇനങ്ങളിലായി എണ്ണൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.