* ആരോഗ്യജാഗ്രതാപദ്ധതിക്ക് തുടക്കം
പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രതിദിനം പ്രതിരോധം എന്നതാകണം നമ്മുടെ മുദ്രാവാക്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം വന്നാൽ നേരിടുന്നതിനുപകരം രോഗത്തെ മുൻകൂറായി പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുതകുന്നതാണ് സർക്കാരിന്റെ ആരോഗ്യനയം. ഈ മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനായി ഒന്നിച്ചുനീങ്ങണം. എന്നും മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യബോധവത്കരണ പരിപാടി ആരോഗ്യജാഗ്രത ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികൾ നേരിട്ടതിന്റെ അനുഭവപാഠങ്ങളുമായാണ് പുതുവർഷത്തിലേക്ക് നാം കടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപയും പ്രളയവും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും ചിട്ടയായ പ്രതിരോധപ്രവർത്തനം അതിനെ മറികടക്കാൻ സഹായകമായി. തദ്ദേശസ്ഥാപനങ്ങൾക്കും മറ്റു വകുപ്പുകൾക്കും നല്ല പ്രവർത്തനം നടത്താനായി. ഫലപ്രദമായി ഇടപെടാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജമാക്കാനായതും നല്ല ഇടപെടലുകൾക്ക് വഴിവെച്ചു. പാരിസ്ഥിതിക, സാമൂഹികരംഗത്തും നല്ല ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം ശുദ്ധമാക്കൽ, മാലിന്യസംസ്‌കരണം, പരിസരം വൃത്തിയാക്കൽ തുടങ്ങിയവയിൽ കുറവുകളുണ്ടെങ്കിൽ അത് പരിഹരിച്ചാകണം ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഉറവിട മാലിന്യസംസ്‌കരണം സാധിക്കാത്തിടത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ അധ്യക്ഷത വഹിച്ചു. പകർച്ചവ്യാധി മരണങ്ങൾ ഇല്ലാതാവുംവരെ നമ്മുടെ പ്രവർത്തനങ്ങൾ, മുന്നോട്ടുകൊണ്ടുപോവാനാവണം എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുണ്ടാവുമെന്ന് ആശംസാ പ്രസംഗത്തിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പ്രളയാനന്തരമുള്ള പകർച്ചവ്യാധികളെ ചെറുക്കാനാവശ്യമായ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു. ജലമലിനീകരണത്തിനെതിരെ ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാ വകുപ്പുകളും ചേർന്നുള്ള മഹിതമായ ഒരു യുദ്ധമാണ് നാം നടപ്പാക്കുന്നതെന്ന് തുറമുഖ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ സ്വാഗതം ആശംസിച്ചു. രോഗപ്രതിരോധപദ്ധതികൾ ഈ വർഷവും കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എ.സമ്പത്ത് എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത നന്ദി പറഞ്ഞു.