ശബരിമലയെ വിവാദഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇക്കാര്യങ്ങളില്‍ ബോര്‍ഡിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. വനംവകുപ്പുമായി ഉണ്ടായിട്ടുള്ള ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.
അന്‍പത് വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. റോപ് വേ അടക്കം കാലോചിതമായ പരിഷ്‌കരണങ്ങള്‍ സന്നിധാനത്ത് നടത്തേണ്ടത് അനിവാര്യമായ കാര്യമാണ്. തീര്‍ഥാടന കാലത്തെ അനിയന്ത്രിതമായ തിരക്കു നിയന്ത്രിക്കുന്നതിനും ശാസ്ത്രീയമായ നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാവും. ഇതിന്റെ ഭാഗമായി പമ്പയില്‍ തീര്‍ഥാടക വാഹനങ്ങള്‍ എത്തിക്കാതെ നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുകയും അവിടെ നിന്നും കെ എസ് ആര്‍ ടിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ വാഹനത്തില്‍ അയ്യപ്പന്‍മാരെ പമ്പയിലെത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കും. വളരെപ്പെട്ടന്ന് നടപ്പാക്കാനാവില്ലെങ്കിലും ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമിടുക തന്നെ ചെയ്യും.
ശബരിമലയുടെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് വരുമാനമില്ലായ്മയല്ല മറിച്ച് വരുമാന ചോര്‍ച്ചയാണ്. ഇത്തരത്തിലുള്ള വരുമാന ചോര്‍ച്ച തടയാന്‍ അഞ്ചംഗ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിക്കും. നിലവിലുള്ള ദേവസ്വം വിജിലന്‍സ് വിഭാഗത്തിന് പുറമേയാണ് ഇത്. ശബരിമലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ഊര്‍ജിതമായി നടപ്പിലാക്കും. തീര്‍ഥാടകരുടെ ക്ഷേമമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓരോ ഭക്തനും സന്നിധാനത്തെത്തുന്നത് മനശാന്തിക്കാണ്. അതിന് അനുഗണമായ നടപടികളായിക്കും ബോര്‍ഡന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.