ചേന്ദമംഗലം: പ്രളയദുരന്തത്തെ തുടര്‍ന്ന് യു.എ.ഇ നല്‍കിയ സഹായവാഗ്ദാനം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാട് നേരിട്ട 31,000 കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതില്‍ ഗണ്യമായ ഭാഗമായി തീരുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരുടെ മുട്ടാപ്പോക്കുനയം മൂലമാണ് ആ സഹായം ഇല്ലാതായതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനം ചേന്ദമംഗലത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
വീടുകളും കൃഷിസ്ഥലങ്ങളും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കിയ മഹാപ്രളയത്തില്‍ നിന്ന് ഒരുമയോടും ഐക്യത്തോടെയുമാണ് കേരളം കരകയറിയത്. നവോത്ഥാനമൂല്യങ്ങള്‍ നല്ല രീതിയില്‍ പിന്തുടര്‍ന്ന നമ്മുടെ സമൂഹത്തിന് അത്തരത്തിലല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആ ഒരുമയും ഐക്യവും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലേക്കെത്തി. ഇപ്പോഴും നമ്മുടെ നാടിനേറ്റ ദുരന്തത്തെ പറ്റി വേദനയോടെ സംസാരിക്കുന്ന മറ്റു രാജ്യക്കാരുണ്ട്. പ്രളയദുരന്തത്തെ തുടര്‍ന്ന് ആദ്യസഹായ ഹസ്തം നീട്ടിയത് യു.എ.ഇ ഭരണാധികാരിയായിരുന്നു. എന്നാല്‍ മനസിലാക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ അത് നിരസിക്കപ്പെട്ടു.
ലോക കേരളസഭയുടെ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി യു.എ.ഇയിലെത്തിയപ്പോള്‍ ദുബായ്, ഫുജൈറ, അബുദാബി തുടങ്ങിയ നഗരങ്ങളിലെല്ലാം യു.എ.ഇയുടെ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു. ഇവരെല്ലാം ചോദിച്ചത് കേരളം നേരിട്ട ദുരന്തത്തെ കുറിച്ചാണ്. കേരളത്തിന്റെ സ്ഥാനം അവരുടെ മനസുകളില്‍ എത്ര വലുതാണ് എന്നാണ് നാം കാണേണ്ടത്. പുറമെ നിന്നുള്ള സഹായങ്ങള്‍ നിരസിക്കപ്പെട്ട സാഹചര്യത്തില്‍ നമ്മുടേതായ വഴികളിലൂടെയാണ് പുനര്‍നിര്‍മാണപ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ഏപ്രില്‍ മാസത്തിനകം പൂര്‍ണമായും നിര്‍മിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയും ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ച 1001-ാമത് വീടിന്റെയും പ്രളയശേഷം റീബില്‍ഡ് കേരള പദ്ധതിയില്‍ നിര്‍മിക്കുന്ന 75-ാമത് വീടിന്റെയും താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുള്ള നാവിക് ഉപകരണങ്ങളും വിതരണം ചെയ്തു. കുടുംബശ്രീയൂടെ റിസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ ചൂര്‍ണിക്കര ന്യൂട്രിമിക്‌സ് യൂണിറ്റിന്റെ പുനഃനിര്‍മാണത്തിനുള്ള ധനസഹായവിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി. സതീശന്‍, എസ്. ശര്‍മ്മ, അന്‍വര്‍ സാദത്ത്, എം. സ്വരാജ്, കെ.ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.