* 1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
വികസനത്തിലും അടസ്ഥാനസൗകര്യത്തിലും സ്വപ്നം കാണാന്‍ കഴിയാത്ത മുന്നേറ്റമാണ് 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ സര്‍ക്കാരതിന് കൂടെനിന്നു, അപ്പോള്‍ അതിന്റേതായ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെയൊന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്ത ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് മാറ്റാന്‍ 1000 ദിനം കൊണ്ട് കഴിഞ്ഞു. ഇത്തരം ഇടപെടലുകള്‍ വിവിധ തലങ്ങളില്‍ വരുന്നുണ്ട്. അതിവേഗതയില്‍ പല കാര്യങ്ങളും നിര്‍വഹിക്കാനാവുന്നുണ്ട്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും ആരോപണം ഉന്നയിക്കാനാവാത്ത വിധം അഴിമതിക്കെതിരായ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പദ്ധതികള്‍ പറഞ്ഞ കാലയളവില്‍ കൃത്യമായി പൂര്‍ത്തിയാക്കാനാവുമെന്ന് 1000 ദിനം കൊണ്ട് കാണിച്ചുകൊടുക്കാനായി. മനോഭാവത്തില്‍ പോസിറ്റീവായ മാറ്റമുണ്ടാക്കാനായതുകൊണ്ട ഇത്തരം ഒട്ടേറെ ഉദാഹരണങ്ങള്‍ പറയാനുണ്ടായി. ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ ഉദ്ഘാടനം ചെയ്യാനാവുന്ന പപദ്ധതിയാണ്. പ്രളയം വന്നില്ലായിരുന്നെങ്കില്‍ ഇതിനകം ഉദ്ഘാടനം കഴിഞ്ഞേനെ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒട്ടേറെ വീടുകളില്‍ ഗുണം ലഭിക്കും. 30 മുതല്‍ 35 ശതമാനം വരെ ഇന്ധനവില കുറച്ചുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയതോതിലുള്ള ഇത്തരം ഇടപെടലുകള്‍ക്ക് ദേശീയപാത വികസനവും ഉദാഹരണമാണ്. എല്ലാ തടസ്സങ്ങളും മാറിയതിനാല്‍ അധികം വൈകാതെ പണി തുടങ്ങാനാകും. കോവളം-ബേക്കല്‍ ജലപായയും 2020ല്‍ പൂര്‍ത്തിയാക്കും. ജലപാതയിലൂടെയുള്ള യാത്ര ടൂറിസ്റ്റുകള്‍ക്ക് ഹരം പകരും. 600 കിലോമീറ്ററില്‍ 25 കിലോമീറ്ററോളം ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും വരും. തീരദേശ, മലയോര ഹൈവേകളും വരുന്നുണ്ട്. ഇതിനായി 10,000 കോടി രൂയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. കൂടംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള തടസ്സവും മാറി. കൊച്ചി മെട്രോയുടെ വികസനവും വരുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി. ഇതെല്ലാം കാണിക്കുന്നത് നാടിന്റെ പശ്ചാത്തല സൗകര്യത്തിലുണ്ടായ വികസനമാണ്. 1000 ദിനങ്ങള്‍ക്ക് മുമ്പ് ഇത് സ്വപ്നം കാണാന്‍ കഴിയില്ലായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തില്‍ നല്ല രീതിയില്‍ ഇക്കാലത്ത് മുന്നേറിയതായാണ് അനുഭവം. കാലങ്ങളായി കഴിയുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനകം 1,03,000 പട്ടയം നല്‍കി. 1000 ദിവസമുണ്ടായ മാറ്റത്തിന് വിധികല്‍പ്പിക്കേണ്ടത് നാടാണ്. വികസന മിഷനുകളിലൂടെ സര്‍വതലസ്പര്‍ശിയായ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ച് 3,41,000 കുട്ടികള്‍ കൂടിയത് ചെറിയ കാര്യമല്ല. ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വന്ന മാറ്റവും മുമ്പ് ചിന്തിക്കാന്‍ കഴിയാത്തതാണ്. ഹരിതകേരളം മിഷന്റെ ഭാഗമായി എത്ര ഫലപ്രദമായാണ് തദ്ദേശസ്ഥാപനങ്ങളും നാടാകെയും നദികളുട്യെും ജലാശയങ്ങളുടെയും വീണ്ടെടുപ്പിനായി ഇറങ്ങിയത്. വിഷ പച്ചക്കറി ഒഴിവാക്കി പച്ചക്കറി ഉത്പാദനത്തില്‍ നമ്മള്‍ സ്വയംപര്യാപ്തതയിലോട്ട് അടുക്കുകയാണ്. വീടില്ലാത്തവര്‍ക്കയുള്ള ലൈഫ് പദ്ധതിയും വിവിധഘട്ടങ്ങളിലായി മുന്നേറുകയാണ്. നാടാകെ അണിനിരത്തി മാറ്റമുണ്ടാക്കുകയാണ്. ഇത്തരം ഒട്ടേറെ കാര്യങ്ങളാണ് വികസനത്തില്‍ പ്രധാനം. വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഇവിടെ ഒന്നും നടക്കില്ല എന്ന വിചാരമായിരുന്നു. ഇതുമാറ്റിയെടുക്കാന്‍ നിക്ഷേപ സൗഹൃദമാക്കാനുള്ള നിയമം കൊണ്ടുവന്നു. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. അനുമതിക്കായി വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി ശ്വാസംമുട്ടുന്ന അവസ്ഥയില്ല. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം ഇനി തുടങ്ങാം. ഇതുകൊണ്ടുതന്നെ വ്യവസായ ഭീമന്‍മാരായ നിസാന്‍, ഫുജിത്സു തുടങ്ങിയവര്‍ കേരളത്തിലേക്ക് കടന്നുവന്നു. ആയിരംദിനം മുമ്പ് ഇതൊന്നും ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും കേരളം ഇന്ത്യയില്‍ മികച്ച നിലയിലാണ്. നാട് വികസനം ആഗ്രഹിക്കുമ്പോള്‍ വഴിമുടക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകാം. ജനങ്ങളുടെ ഐക്യം ഉണ്ടാകാന്‍ പാടില്ല എന്ന് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നുണ്ടാകാം. കേരളത്തിന്റെയാകെ ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് നാം ലക്ഷ്യമിടുന്നത്. അതിന്റെ ഫലവുമുണ്ടായി. ഗുണഭോക്താക്കളായ ജനങ്ങള്‍ മുഴുവന്‍ അതിന്റെ ഭാഗമായി. ഇത് തകര്‍ത്ത് വിവിധ കമ്പാര്‍ട്ട്മെന്റുകളില്‍ ജനങ്ങളെ മാറ്റാനുള്ള ശ്രമം നടക്കില്ല. നമുക്ക് നവോത്ഥാന പാരമ്പര്യത്തില്‍ ഊന്നി വളര്‍ത്തിയെടുത്ത സംസ്‌കാരമുണ്ട്. അതിന്റെ ഭാഗമായി ഒരുമയും ഐക്യവും നിലനിന്നുപോകണമെന്നാണ് മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. മറ്റെല്ലാം തിരച്ചറിയാനും അവജ്ഞയോടെ തള്ളിക്കളയാനും ജനങ്ങള്‍ക്കാകും. നിപ, ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ നമ്മള്‍ ഒരുമയോടെ നേരിട്ടു. പക്ഷേ, യു.എ.ഇ ഉള്‍പ്പെടെയുള്ളവരുടെ സഹായങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ മുട്ടാപ്പോക്ക് നയം കേന്ദ്രം കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ കരഞ്ഞിരിക്കാന്‍ കേരളം തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ‘സേഫ് കേരള’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പല അപകടങ്ങളും അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വഴിയരികില്‍ അപകടത്തില്‍പ്പെട്ടവരെ ഒപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാനായ സംഭവവും അദ്ദേഹം അനുസ്മരിച്ചു. ഉദ്ഘാടനചടങ്ങിന് തിരികൊളുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ദീപം കൈമാറിയത് നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനിയുടെ പിഞ്ചുമക്കളായ സിദ്ദാര്‍ഥും റിതിനുമാണ്. കുരുന്നുകള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ ഉപഹാരങ്ങളും കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ‘പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു, ഇനി നവകേരള നിര്‍മാണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. സാധാരണഗതിയില്‍ നേരിടാത്ത ഒട്ടേറെ പ്രതിസന്ധികളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ ആയിരംദിന മുന്നോട്ടുപോയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ബോധ്യ്െപപട്ട ദിനങ്ങളാണ് പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു നന്ദി പറഞ്ഞു. എം.എല്‍.എമാരായ കെ. ദാസന്‍, പി.ടി.എ റഹീം, ഇ.കെ. വിജയന്‍, കാരാട്ട് റസാഖ്, വി.കെ.സി മമ്മദ്കോയ, ജോര്‍ജ് എം. തോമസ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ്‌കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു തുടങ്ങിയവര്‍ സംബന്ധിച്ചു.